പൂനെയിൽ EY ഓഫീസ് 17 വർഷം പ്രവർത്തിച്ചത് അനുമതിയില്ലാതെ; കമ്പനിക്കെതിരെ നടപടി തുടങ്ങി തൊഴിൽ വകുപ്പ്
ജോലി സമ്മർദ്ദത്തെ തുടർന്ന് കൊച്ചി കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്ററ്യൻ പേരയിൽ മരിച്ച സംഭവത്തിൽ EY കമ്പനിക്കെതിരെ നടപടി തുടങ്ങി തൊഴിൽ വകുപ്പ്. അനുമതികളില്ലാതെയാണ് പൂനെയിലെ കമ്പനിയുടെ ഓഫീസ് 17 വർഷം പ്രവർത്തിച്ചതെന്ന് തൊഴിൽ വകുപ്പ് പരിശോധനയിൽ കണ്ടെത്തി. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാൻ കമ്പനിക്ക് നോട്ടീസും നൽകി.
ഇന്നലെയാണ് മഹാരാഷ്ട്രയിലെ അഡീഷണൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ EY കമ്പനിയുടെ പൂനെയിലെ ഓഫീസിൽ പരിശോധന നടന്നത് . 2007ലാണ് കമ്പനി പൂനെയിലെ ഓഫീസ് തുടങ്ങിയത്. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ മാത്രമാണ് തൊഴിൽ വകുപ്പിനെ അനുമതികൾക്കായി സമീപിക്കുന്നത്. 17 വർഷം പ്രവർത്തിച്ചതിന് ശേഷം മാത്രം നൽകിയ അപേക്ഷയെ വകുപ്പ് നിരസിക്കുകയും ചെയ്തു. എന്നിട്ടും തൊഴിൽ വകുപ്പ് തുടർനടപടികൾ സ്വീകരിച്ചിരുന്നില്ല. അന്നയുടെ മരണത്തിന് പിന്നാലെ പ്രതിഷേധങ്ങൾ ഉയരുകയും വലിയ ചർച്ചയാവുകയും ചെയ്തതോടെയാണ് തൊഴിൽ വകുപ്പ് പരിശോധന നടത്തിയതും നോട്ടീസ് നൽകിയതും.
ഷോപ്സ് ആന്ർറെ എസ്റ്റാബ്ലിഷ്മെന്ർറ ആക്ടിന്ർറെ പരിധിയിയിൽ ജീവനക്കാരുടെ പരമാവധി തൊഴിൽ സമയം ദിവസം 9 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമായി നിശ്ചയിച്ചിട്ടുണ്ട്. ഇത് കമ്പനിയിൽ നടപ്പായിരുന്നോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. ജീവനക്കാരുടെ മരണവുമായി ബന്ധപ്പെട്ട നിയമനടപടികളോട് സഹകരിക്കാത്തത് ആറ് മാസം തടവോ അഞ്ച് ലക്ഷം രൂപ തടവോ രണ്ടും ഒരുമിച്ചോ കിട്ടാവുന്ന കുറ്റമാണ്. നോട്ടീസിന് കമ്പനി നൽകുന്ന മറുപടി അറിഞ്ഞ ശേഷമാവും തുടർ നടപടി ഉണ്ടാകുക.
അതേസമയം, അന്നയുടെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് രെജിസ്റ്റർ ചെയ്തിരുന്നു. കേസിൽ നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നായിരുന്നു കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് നിർദേശം നൽകിയിരുന്നത്. എന്തു നടപടി എടുത്തെന്ന് അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അമിത ജോലിഭാരം മൂലമാണ് അന്ന മരിച്ചതെന്ന് മാതാപിതാക്കൾ ആരോപണം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ നടപടി. അന്നയുടെ മരണത്തിൽ കമ്മിഷൻ അതീവ ആശങ്കയും രേഖപ്പെടുത്തിയിരുന്നു.
ആഗോള അക്കൗണ്ടിങ്, ഉപേദശക സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യങ്ങിൽ ജോലിക്ക് കയറി നാലു മാസത്തിനകമാണ് അന്ന ഹൃദയസ്തംഭനം മൂലം പൂനെയിലെ താമസസ്ഥലത്ത് മരണപ്പെടുന്നത്. ജൂലൈ 20നായിരുന്നു സംഭവം.
മകളുടെ മരണം സംബന്ധിച്ച് അന്നയുടെ മാതാവ് അനിത അഗസ്റ്റിൻ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച സജീവമായത്. അന്നയുടെ മരണം സംബന്ധിച്ചും സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യപ്പെടുന്നതുമായി തൊഴിൽസാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചിരുന്നു.