KeralaTop News

ബലാത്സം​ഗ കേസ്; സിദ്ദിഖ് സുപ്രിംകോടതിയിലേക്ക്; അതിജീവിത തടസഹർജി നൽ‌കും

Spread the love

ബലാത്സം​ഗക്കേസിൽ നടൻ സിദ്ദിഖ് സുപ്രിംകോടതിയിലേക്ക്. സുപ്രിംകോടതിയിൽ പോകാൻ നിയമോപദേശം ലഭിച്ചു. കുടുംബാംഗങ്ങൾ അഭിഭാഷകരെ കണ്ടിരുന്നു. സിദ്ദിഖിന്റെ നീക്കത്തിനെതിരെ അതിജീവിത സുപ്രിംകോടതിയിൽ തടസഹർജി നൽകും. നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ സിദ്ദിഖ് ഒളിവിലാണ്.

സിദ്ദിഖിനെ കണ്ടെത്താൻ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. വിമാനത്താവളങ്ങളിൽ എൽഒസിയും ഇറക്കിയിട്ടുണ്ട്. സിദ്ദിഖ് അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുൻപ് അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. സിദ്ദിഖിന്റെ പടമുകളിലെ വീടും ആലുവയിലെ വീടും പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രി മുതൽ സിദ്ദിഖ് സംസാരിച്ച ഫോൺ കോൾ വിവരങ്ങൾ പൊലീസ് സൈബർ സെല്ലിൽ നിന്ന് ശേഖരിച്ചു.

കൊച്ചി കേന്ദ്രീകരിച്ച് വൻ തിരച്ചിലാണ് പൊലീസ് നടത്തിയത്. 2016-ൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിൽ 2024 -ൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്. സിദ്ദിഖിനെതിരെ ശക്തമായ സാഹചര്യ തെളിവുകൾ ഉൾപ്പെടെ ലഭിച്ചുകഴിഞ്ഞെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. സിദ്ദിഖിനെതിരായ തെളിവുകൾ ഉൾപ്പെടെ കണക്കിലെടുത്താണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.