Monday, February 24, 2025
Latest:
Top NewsWorld

യുഎൻ സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയെ പിന്തുണക്കുമെന്ന് അമേരിക്ക, യുക്രെയ്ൻ പ്രസിഡന്‍റിനെ കണ്ട് മോദി

Spread the love

ന്യൂയോര്‍ക്ക്: യുഎൻ സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വം നല്‍കുന്നതിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി. ആഗോള സമാധാനവും വികസനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സംഘടനകൾ പരിഷ്‌കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎൻ പൊതുസഭയില്‍ വ്യക്തമാക്കിയിരുന്നു. യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ച പരോക്ഷമായാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇതിനുപിന്നാലെയാണ് ഇക്കാര്യത്തിൽ അമേരിക്കയുടെ നിലപാട് വിദേശകാര്യ സെക്രട്ടറി അറിയിച്ചത്. ഇന്ത്യക്ക് പുറമെ രണ്ട് ആഫ്രിക്കൻ രാജ്യങ്ങള്‍ക്കും സ്ഥിരാംഗത്വം നല്‍കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. സുരക്ഷ സമിതി വിപുലീകരിക്കാനുള്ള ചർച്ചകൾ ഉടൻ തുടങ്ങണമെന്നും അമേരിക്ക യുഎൻ പൊതുസഭയിൽ ആവശ്യപ്പെട്ടു. അതേസമയം, ന്യൂയോര്‍ക്കിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്‍റ് സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി.റഷ്യ- യുക്രെയ്ൻ യുദ്ധം എത്രയും വേഗം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് മോദി അറിയിച്ചു.
റഷ്യ യുക്രെയിൻ സംഘർഷം തീർക്കാൻ മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറെന്ന സൂചനയാണ് മോദി-സെലന്‍സ്കി കൂടിക്കാഴ്ചയിലൂടെ ഇന്ത്യ മുന്നോട്ടുവെച്ചിരിക്കുന്നത്. ബന്ധപ്പെട്ട എല്ലാ ‘കക്ഷികളുടെയും ‘ഇടപെടലിലൂടെ പ്രശ്നം പരിഹരിക്കണം എന്നാണ് ചര്‍ച്ചയിൽ ആവശ്യപ്പെട്ടതെന്ന് കൂടിക്കാഴ്ചക്കുശേഷം കേന്ദ്രമിറക്കിയ വാര്‍ത്താകുറിപ്പിൽ വ്യക്തമാക്കി. നേരത്തെ രണ്ടു രാജ്യങ്ങൾക്കിടയിലെ ചർച്ചയെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. സാധ്യമായ എല്ലാ രീതികളിലൂടെയും നയതന്ത്ര ചര്‍ച്ചകളിലൂടെയും പ്രശ്നം പരിഹരിക്കണമെന്നും അതിനുള്ള എല്ലാ പിന്തുണയും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.