കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ഉടനെന്ന് മുഖ്യമന്ത്രി; യോഗം പ്രഹസനമെന്ന് ഓഹരിയുടമകൾ
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചെന്ന് കിയാൽ ഓഹരി ഉടമകളുടെ വാർഷിക പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഒരു വിഭാഗം ഓഹരി ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് ഓൺലൈനായി യോഗം ചേർന്നത്. ചോദ്യങ്ങൾക്ക് അവസരമില്ലാതെ, യോഗം പ്രഹസനമായി മാറിയെന്ന് വിമർശനമുയർന്നു.
കര കയറാൻ കണ്ണൂർ വിമാനത്താവളത്തിനുളള പ്രതീക്ഷ വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താനുളള അനുമതി ലഭിക്കുക എന്നതാണ്. പോയിന്റ് ഓഫ് കോൾ പദവിക്ക് കേന്ദ്രവുമായി ചർച്ചയിലാണെന്നും വൈകാതെ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി ഓഹരി ഉടമകളുടെ യോഗത്തിൽ വ്യക്തമാക്കി. ഓൺലൈനിലാണ് വാർഷിക പൊതുയോഗം ഇത്തവണയും നടന്നത്. 27 മിനിറ്റ് മാത്രം നീണ്ടുനിന്നു. പതിനെട്ടായിരത്തോളം ഓഹരി ഉടമകളിൽ പരമാവധി 1000 പേർക്കാണ് പങ്കെടുക്കാൻ അവസരം. അതിൽ ചോദ്യം ചോദിക്കാനായത് ആറ് പേർക്ക്. രണ്ട് പേർ വിമാനത്താവള ജീവനക്കാർ തന്നെ. ഇത് അനീതിയെന്ന് ഒരു വിഭാഗം ഓഹരി ഉടമകൾ പറഞ്ഞു.
വിവരാകാശ നിയമം ബാധകമാക്കുന്നതിലും സിഎജി ഓഡിറ്റ് നടത്തുന്നതിലും തെറ്റിദ്ധരിപ്പിക്കുന്ന മറുപടിയാണുണ്ടായതെന്നും ആക്ഷേപമുണ്ട്. വാർഷിക പൊതുയോഗം ഓൺലൈൻ നടത്തുന്നതിന് എതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് ഓഹരി ഉടമകൾ പരാതി നൽകിയിരുന്നു.