Top NewsWorld

സിഗരറ്റും മദ്യവുമില്ലാത്ത നാട്; സ്വര്‍ണപ്പാത്രത്തില്‍ ഉണ്ണുന്ന സുല്‍ത്താനും ആർഭാടവും

Spread the love

ലോകത്തിലെ അതി സമ്പന്നനായ ഭരണാധികാരി, ആർഭാടങ്ങളുടെ സുൽത്താൻ, ‘ഇസ്താന നുറുൾ ഇമാം’ എന്ന ലോകത്തെ ഏറ്റവും വലിയ കൊട്ടാരം, സ്വർണം പൂശിയ മുറികൾ. ലോകത്തിന് മുന്നില്‍ ബ്രൂണെ എന്ന രാജ്യത്തെ കുറിച്ചുള്ള ചിത്രങ്ങള്‍ ഇതെല്ലാമാണ്‌.

സൗത്ത് ഈസ്റ്റ് ചൈനാ കടലും മലേഷ്യയും അതിരിടുന്ന നാട് ഒരു കൊച്ചു ദ്വീപാണ് ബ്രൂണെ
ശാന്തമായ, ആള്‍ക്കൂട്ടത്തിന്റെയോ വാഹനങ്ങളുടെയോ തിരക്കില്ലാത്ത നഗരജീവിതവും പ്രകൃതിസൗന്ദര്യവും ആ നാടിനെ വേറിട്ടുനിര്‍ത്തുന്നു. ബ്രൂണെയുടെ ആകെ വിസ്തൃതി 5,765 ചതുരശ്ര കിലോമീറ്റര്‍. ഇതില്‍ 5,265 ചതുരശ്രകിലോമീറ്ററാണ് കര. ഇതില്‍ തന്നെ 53 ശതമാനം പ്രദേശം കാടാണ്. തടി കയറ്റുമതി ഇല്ലാത്തതിനാല്‍ വനംകൊള്ളയോ മരം വെട്ടോ ഇല്ല. പ്രകൃതിയെ അതേപടി സംരക്ഷിക്കുന്നു ഇവിടെ ഭരണകൂടം. പരമാവധി ജനസംഖ്യ അഞ്ച് ലക്ഷത്തോളം മാത്രം. ശരീഅത്ത് നിയമമനുസരിച്ച് ഭരണം നടക്കുന്ന ഇസ്ലാമിക രാജ്യം കൂടിയാണ് ബ്രൂണെ.

ഇനിയും ഉണ്ട് വിശേഷണങ്ങള്‍. മദ്യമോ സിഗരറ്റോ വില്‍ക്കുന്നില്ല. അതിന് എവിടെയും നിരോധനമാണ്. സഞ്ചാരികള്‍ക്ക് വേണമെങ്കില്‍ പ്രത്യേക അനുമതിയോടെ നിശ്ചിത അളവില്‍ മദ്യവും സിഗരറ്റും കൊണ്ടുവരാം. പക്ഷേ, സ്വകാര്യമായി തന്നെ ഉപയോഗിക്കണം. പുകവലി പൊതുസ്ഥലത്തായാല്‍ 200 ബ്രൂണെ ഡോളര്‍ വരെ പിഴ വീഴും.

ലോകത്തിലെ ഏറ്റവും സമൃദ്ധമായ മഴക്കാടുകളുടെ കേന്ദ്രമാണ് ബ്രൂണെ. രാജ്യത്തിന്റെ 50 ശതമാനത്തിലേറെയും കാടാണ്. രാജ്യത്തിന്റെ വലിയൊരു വിഭാഗം പ്രദേശം സ്വാഭാവിക മഴക്കാടുകളായി മനുഷ്യസാന്നിധ്യമില്ലാതെ കിടക്കുന്നു.

‘ഇസ്താന നൂറുല്‍ ഇമാന്‍’ എന്ന പേരിലറിയപ്പെടുന്ന സുല്‍ത്താന്റെ കൊട്ടാരവും ലോകത്തിലെ ഏറ്റവും വലിയ താമസകേന്ദ്രമായാണ് അറിയപ്പെടുന്നത്. 1800-ല്‍ ഏറെ മുറികളാണ് ഈ കൊട്ടാരത്തിലുള്ളത്. സുല്‍ത്താന്റെ കാര്‍ ശേഖരവും വലിയ കാഴ്ചയാണ്. പ്രത്യേക ദിവസങ്ങളിലാണ് ഇവിടെക്കുള്ള പ്രവേശനം.

ബ്രൂണെയിലെ ഏറ്റവും മനോഹരവും അദ്ഭുതകരവുമായ കാഴ്ചയാണ് വാട്ടര്‍ വില്ലേജ്. പുഴയില്‍ പ്രത്യേകമായി കെട്ടിപ്പടുത്ത കെട്ടിടങ്ങളിലായാണ് ഈ വാട്ടര്‍ വില്ലേജ്. ബ്രൂണെയുടെ ചരിത്രത്തോളം പഴക്കമുണ്ട് വാട്ടര്‍ വില്ലേജുകള്‍ക്ക്ബ്രൂണെയുടെ തലസ്ഥാനനഗരിയിലെ ഏറ്റവും മികച്ച വാണിജ്യകേന്ദ്രമാണ് നൈറ്റ് മാര്‍ക്കറ്റ്. രാജ്യത്തെ തനത് ഭക്ഷ്യവിഭവങ്ങളും കരകൗശല വസ്തുക്കളും പഴം പച്ചക്കറിയുമെല്ലാം ഇഷ്ടം പോലെ മിതമായ വിലയില്‍ ലഭിക്കുന്നു. വാട്ടര്‍ വില്ലേജില്‍ നിന്നുള്ളവര്‍ വരെ ഇവിടെ വന്ന് സാധനങ്ങള്‍ വാങ്ങും. സഞ്ചാരികളുടെയും പ്രധാന കേന്ദ്രമാണിത്. ബ്രൂണെയുടെയും മലായ് സംസ്‌കാരത്തിന്റെയും ഭാഗമായുള്ള ഭക്ഷ്യവിഭവങ്ങളാണ് ഇവിടെ ശ്രദ്ധേയം.

ബ്രൂണെ സുല്‍ത്താന്റെ ഉടമസ്ഥതയിലുള്ള എംപയര്‍ ഹോട്ടല്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച നക്ഷത്ര ഹോട്ടലുകളിലൊന്നാണ്. സുല്‍ത്താന്റെ അതിഥികളും ബ്രൂണെയിലെത്തുന്ന രാഷ്ട്രനേതാക്കളുമെല്ലാം തങ്ങുന്ന ഈ ഹോട്ടല്‍ ബ്രൂണെയിലെത്തുന്നവരുടെ സന്ദര്‍ശനകേന്ദ്രം കൂടിയാണ്. സ്യൂട്ടുകളിലെ കുളിമുറിയിലെ ടാപ്പുകള്‍ വരെ സ്വര്‍ണത്തില്‍ പണിതതാണ്. 18 ഹോള്‍ വരെയുള്ള ഗോള്‍ഫ് കോര്‍ട്ടുകളാണ് മറ്റൊരു സവിശേഷത.

മറ്റൊരു ആകർഷണം കിയാറോങ് മോസ്കാണ്. ബ്രൂണെ സുല്‍ത്താന്‍ അധികാരത്തിലെത്തിയതിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് തലസ്ഥാനനഗരിയിലെ ജെയിം അലര്‍ ഹസ്സനലി ബോല്‍കിയ മോസ്ക് എന്ന കിയാറോങ് മോസ്ക് നിര്‍മിച്ചത്. ഇസ്ലാമിക സംസ്‌കാരത്തിന്റെയും ശില്പചാതുരിയുടെയും നിറസാന്നിധ്യമുള്ള ഈ മോസ്ക് മേഖലയിലെ തന്നെ ഏറ്റവും വലിയ ആരാധനാലയങ്ങളിലൊന്നാണ്.