NationalTop News

‘കനത്ത മഴ പെയ്താല്‍ മാത്രമേ ഡ്രഡ്ജിങ് നിര്‍ത്തിവയ്ക്കൂ എന്ന് അധികൃതര്‍ ഉറപ്പ് നല്‍കി’: അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍

Spread the love

കനത്ത മഴ പെയ്താല്‍ മാത്രമേ ഡ്രഡ്ജിങ് നിര്‍ത്തിവയ്ക്കൂ എന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍. ചെറിയ തോതില്‍ മഴ പെയ്യുകയാണെങ്കില്‍ ഡ്രഡ്ജിങ് തുടരുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി താല്‍ക്കാലികമായി ഡ്രഡ്ജിങ് നിര്‍ത്തിയാല്‍ പോലും അനുകൂല കാലാവസ്ഥ ഉണ്ടാകുമ്പോള്‍ നഷ്ടപെട്ട മണിക്കൂറുകള്‍ പകരം തിരച്ചില്‍ നടത്തുന്നും ജിതിന്‍ പറഞ്ഞു. അര്‍ജുന്റെ ലോറി കണ്ടെത്തുന്നത് വരെ തിരച്ചില്‍ ഉണ്ടാകുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയെന്നും ജിതിന്‍ പറഞ്ഞു.

ശക്തമായ മഴ ദൗത്യത്തെ ദുഷ്‌കരമാക്കുമെന്ന് റിട്ട മേജര്‍ ജനറല്‍ എം ഇന്ദ്രബാലന്‍ പറഞ്ഞു. തിരച്ചിലിനായി നാല് സ്‌പോട്ടുകള്‍ മാര്‍ക്ക് ചെയ്ത് നല്‍കിയെന്നും ഓരോ സ്‌പോട്ടിന്റെയും മുപ്പത് മീറ്റര്‍ ചുറ്റളവില്‍ തിരച്ചില്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. CP4 ലാണ് കൂടുതല്‍ ലോഹസാന്നിധ്യം കണ്ടെത്തിയതെന്നും വേഗത്തില്‍ മണ്ണ് നീക്കം ചെയ്താല്‍ മാത്രമെ ഫലമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഷിരൂരില്‍ മോശം കാലാവസ്ഥക്കിടയിലും തിരച്ചില്‍ തുടരുന്നു. ഉത്തര കന്നഡ ജില്ലയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന ശക്തമായ മഴ ദൗത്യത്തിന് വെല്ലുവിളിയാകുമെന്നാണ് ആശങ്ക.