തൃശൂര്‍ പൂരവിവാദം; എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ തിരുവമ്പാടി ദേവസ്വത്തിനെതിരെ പരാമര്‍ശമെന്ന് സൂചന; റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ഈ മാസം 24നുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. രണ്ടു ദിവസം മുന്‍പാണ് എഡിജിപി എം ആര്‍ അജിത് കുമാര്‍ റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കിയത്.
റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ പരിശോധിച്ച് മുഖ്യമന്ത്രി തുടര്‍ നടപടിക്ക് നിര്‍ദേശം നല്‍കും. അഞ്ചു മാസങ്ങള്‍ക്ക് ശേഷമാണു മുഖ്യമന്ത്രി ആവശ്യപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് കൈയിലെത്തുന്നത്. റിപ്പോര്‍ട്ടില്‍ പാറമേക്കാവ് ദേവസ്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ചര്‍ച്ചകളില്‍ തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍ അനുകൂലമായ തീരുമാനമെടുക്കുന്നത് മനപൂര്‍വം വൈകിപ്പിക്കുകയും പൂരം അലങ്കോലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് വിവരം.
എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടിനെ പൂര്‍ണമായി തള്ളുന്ന പ്രതികരണമാണ് തിരുവമ്പാടി ദേവസ്വം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. പൊലീസിന്റെ അതിക്രമത്തെ തുടര്‍ന്ന് കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പൂരം നിര്‍ത്തിവെച്ചതെന്നും പല നേതാക്കളെ ബന്ധപ്പെട്ടിരുന്നുവെന്നും തങ്ങള്‍ സുരേഷ് ഗോപിയെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും തിരുവമ്പാടി ദേവസ്വം അധികൃതര്‍ പറഞ്ഞു.