ട്രസ്റ്റ് ചെയർമാൻ സ്ഥാനത്ത് നിന്ന് കെ കെ കർണനെ നീക്കിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി
ദില്ലി: എസ്എൻഡിപി കുന്നത്തുനാട് യൂണിയന്‍ രൂപവത്കരിച്ച ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കെ. കെ.കര്‍ണനെ നീക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സുപ്രീംകോടതിയാണ് നടപടി സ്റ്റേ ചെയ്തത്. കേസിലെ എതിര്‍ കക്ഷികള്‍ക്ക് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, അരവിന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു. 2001ലാണ് എസ്എന്‍.ഡി.പി. കുന്നത്തുനാട് യൂണിയന്‍ ശ്രീ നാരായണ ഗുരുകുലം ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം നല്‍കിയത്.
2007-ല്‍ യോഗം കുന്നത്തുനാട് യൂണിയന്‍ പ്രസിഡന്റ് ആയി കെ.കെ. കര്‍ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. യൂണിയന്‍ പ്രസിഡന്റ് എന്ന നിലയില്‍ കെ.കെ. കര്‍ണന്‍ ശ്രീ നാരായണ ഗുരുകുലം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും പ്രസിഡന്റുമായി ചുമതലയിൽ തുടർന്നു. എന്നാൽ അഞ്ച് വർഷം കുന്നത്തുനാട് യൂണിയൻ പിരിച്ചുവിടുകയും യോഗത്തിന്റെ നിയമാവലി പ്രകാരം കെ.കെ. കര്‍ണന്‍ അധ്യക്ഷനായ ഭരണസമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു.
ഭരണസമിതിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ കര്‍ണ്ണന്‍ ട്രസ്റ്റിന്റെ പ്രസിഡന്റ്റായി ചുമതല തുടർന്നു. എന്നാൽ ഈ വർഷം പെരുമ്പാവൂര്‍ സബ് കോടതി കര്‍ണ്ണന് ട്രസ്റ്റിന്റെ പ്രസിഡന്റ് ആയി തുടരാന്‍ അധികാരമില്ലെന്നും ട്രസ്റ്റ് യോഗങ്ങള്‍ വിളിച്ചുചേര്‍ക്കരുതെന്നും ഉത്തരവിട്ടു. ഈ ഉത്തരവ് കേരള ഹൈക്കോടതി ശരിവെച്ചു. ഈ ഉത്തരവ് ചോദ്യംചെയ്ത് ശ്രീ നാരായണ ഗുരുകുലം ചാരിറ്റബിള്‍ ട്രസ്റ്റും കെ.കെ. കര്‍ണനും സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച് കോടതി ഹൈക്കോടതി ഉത്തരവടക്കം സ്റ്റേ ചെയ്തു. കേസിൽ കർണ്ണനായി മുതിർന്ന അഭിഭാഷകരായ വി. ഗിരി, നിഖില്‍ ഗോയല്‍, അഭിഭാഷകന്‍ റോയ് എബ്രഹാം എന്നിവര്‍ ഹാജരായി.