സംസ്കാര വിവാദത്തിനിടെ എം എം ലോറൻസിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു
സിപിഐഎം മുതിർന്ന നേതാവും മുൻ സിഐടിയു ജനറൽ സെക്രട്ടറിയുമായിരുന്ന എം എം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ അന്ത്യയാത്രയില്‍ നാടീകയമായ സംഭവികാസങ്ങളാണ് നടന്നത്.
ലോറൻസിന്റ മകൾ ആശ മൃതദേഹത്തിന്റെ അരികിൽ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. ഈ സമയം വനിതാ പ്രവർത്തകർ മുദ്രാവാക്യം വിളി തുടർന്നു. മകളും വനിതാ പ്രവർത്തകരും തമ്മിൽ ചെറിയ രീതിയിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ, മകളുടെ മകനും രംഗത്തെത്തിയതോടെ വളണ്ടിയർമാരുമായി ഉന്തും തള്ളുമുണ്ടായി. മൃതദേഹം പുറത്തേക്കെടുക്കാൻ ഇരുവരും തടസ്സം നിൽക്കുന്ന സാഹചര്യവും ടൗൺഹാളിൽ ഉണ്ടായി. മൃതദേഹം പള്ളിയില്‍ അടക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മകൾ നൽകിയ പരാതിയിൽ ഹൈക്കോടതിയുടെ ഇടക്കാല വിധി വന്നിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്നും അന്തിമതീരുമാനമെടുക്കേണ്ടത് കളമശ്ശേരി മെഡിക്കൽ കോളേജ് ആണെന്നും ഹെെക്കോടതി വ്യക്തമാക്കിയത്.
മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കുന്നതിനു കൈമാറണമെന്ന് എം എം ലോറൻസ് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു എന്ന് മൂത്തമകൻ അഡ്വ എംഎൽ സജീവനും രണ്ടാമത്തെ മകൾ സുജാതയും പറഞ്ഞതിനെതുടർന്ന് അതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് തന്റെ അച്ഛൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാരോപിച്ച് ഇളയമകൾ ആശ ലോറൻസ് രംഗത്തെത്തിയത്. ലോറൻസ് ഇടവക അംഗമാണെന്നും പള്ളിയിൽ സംസ്കരിക്കണമെന്നുമായിരുന്നു ഹർജിക്കാരിയായ മകളുടെ ആവശ്യം.
ഇപ്പോഴിതാ മകള്‍ ആശയെ കുറിച്ച് മൂന്ന് വർഷം മുൻപ് എംഎം ലോറന്‍സ് ആശുപത്രിയിൽ വെച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് വീണ്ടും ചർച്ചയാകുന്നത്. എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകൾ യാതൊന്നും ചെയ്തിട്ടില്ല. വര്‍ഷങ്ങളായി അകല്‍ച്ചയിലായിരുന്ന മകള്‍ തന്റെ സമ്മതമില്ലാതെ ചിത്രങ്ങളെടുക്കുകയും അവ ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകള്‍ നടത്തുകയാണെന്നുമായിരുന്നു അദ്ദേഹം അന്ന് ഫേസ്ബുക്കിൽ കുറിച്ചത്.