‘മന്ത്രിസഭയിൽ ചെറുപ്പക്കാരായ പുതുമുഖങ്ങൾ ഉണ്ടാകണം’; ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതിന് മുൻപ് ഉപാധിവെച്ച് ഉദയനിധി സ്റ്റാലിൻ
തമിഴ്നാട് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് മന്ത്രിസഭയിലും ഉദ്യോഗസ്ഥ തലത്തിലും മാറ്റമുണ്ടാകണമെന്ന് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. മന്ത്രിസഭയിൽ ചെറുപ്പക്കാരായ പുതുമുഖങ്ങൾ ഉണ്ടാകണമെന്നും കൂടുതൽ കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥരെ പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ നിയോഗിക്കണമെന്നും ഉദയനിധി ആവശ്യപ്പെട്ടതായാണ് സൂചന.
ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് വരുന്നത് വൈകുകയാണ്. കഴിഞ്ഞ ദിവസം പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും നടന്നില്ല. ഇതിന് പിന്നാലെയാണ് ചില നിർണായക റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതിന് മുൻപ് പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ ഉദയനിധി മുന്നോട്ട് വച്ചുവെന്നാണ് സൂചന.
മന്ത്രിസഭയിൽ രണ്ടോ മൂന്നോ ചെറുപ്പക്കാരെ ഉൾപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. നിലവിൽ തമിഴ്നാട് മന്ത്രിസഭയിൽ 34 മന്ത്രിമാരുണ്ട്. പരമാവധി മുപ്പത്തിയഞ്ചാണ് മന്ത്രിസഭയുടെ അംഗബലം. 2 മന്ത്രിമാരേ ഒഴിവാക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. മന്ത്രി ആർ ഗാന്ധി, എം മതിവേന്ദ്രൻ, മനോ തങ്കരാജ്, സി വി ഗണേശൻ എന്നിവരിൽ നിന്ന് രണ്ട് പേരെ ഒഴിവാക്കാനാണ് നീക്കം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. മന്ത്രപദവി കാത്തിരിക്കുന്നവരുടെ എണ്ണവും കുറവല്ല.
ഉദ്യോഗസ്ഥ തലത്തിലുള്ള അഴിച്ചുപണിക്ക് വലിയ ബുദ്ധിമുട്ടുണ്ടാകില്ല. എന്തായാലും ഉദയനിധിയുടെ ആവശ്യങ്ങൾ നടപ്പിലാക്കാൻ അണിയറയിൽ നീക്കങ്ങൾ സജീവമാണ്, പ്രഖ്യാപനം ഏതു നിമിഷവും പ്രതീക്ഷിക്കാം.