പി.വി അൻവറിനെ മുസ്ലിം ലീഗിലേക്ക് ക്ഷണിച്ചത് അറിയില്ല ,നിലമ്പൂർ മണ്ഡലം പ്രസിഡന്റിനെ തള്ളി പി.കെ കുഞ്ഞാലിക്കുട്ടി
പി വി അൻവർ മുസ്ലീം ലീഗിലേക്ക് വരുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.മണ്ഡലം പ്രസിഡൻറ് അൻവറിനെ സ്വാഗതം ചെയ്തത് അറിഞ്ഞിട്ടില്ലായെന്നും പൊളിറ്റിക്കൽ സെക്രെട്ടറി പി ശശിക്കെതിരെ അന്വേഷണം വേണ്ട എന്ന നിലപാട് എടുക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
എല്ലാകാര്യങ്ങളെ കുറിച്ചും നിഷ്പക്ഷമായ അന്വേഷണം വേണം. പി വി അൻവർ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ഗൗരവമുള്ള കാര്യങ്ങളാണ്. പൂരം കലക്കിയസംഭവത്തിലും, പൊലീസിലെ ക്രിമിനൽ ആക്ടിവിറ്റീസിനെ കുറിച്ചുമൊക്കെ അന്വേഷണം നടത്തേണ്ടതുണ്ട് അതില്ലായെങ്കിൽ യുഡിഎഫ് ഇക്കാര്യങ്ങളെലാം ഉയർത്തിപ്പിടിച്ച് പ്രക്ഷോഭം നടത്തുമെന്നും വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇക്കാര്യത്തിലെല്ലാം വിധിയെഴുതുമെന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേർത്തു.
മലപ്പുറത്തെ പൊലീസ് കുറച്ചുകാലം നടത്തിയ മൊത്തം പ്രവർത്തനങ്ങളിൽ മൊത്തം ദുരൂഹതയുണ്ട്. ചെറിയ ആരോപണങ്ങളല്ല വന്നിരിക്കുന്നത്. താനൂർ കസ്റ്റഡി കൊലപാതകം മുതൽ തന്നെ പൊലീസിന്റെ വിഷയം ഞങ്ങൾ പറഞ്ഞിരുന്നു. ഇപ്പോൾ ഭരണകക്ഷി എംഎൽഎ പറയുന്നതിന് മുൻപ് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. പൊലീസിനെ വെള്ള പൂശിയിട്ട് കാര്യമില്ല. അതിൽ അന്വേഷണം വേണം. യുഡിഎഫും ലീഗും പ്രക്ഷോഭം തുടരും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പൊലീസിന് പുറത്തുള്ള ഏജൻസിയാണ് അന്വേഷിക്കുന്നതെങ്കിൽ അങ്ങനെ തന്നെ ചെയ്യണം അല്ലെങ്കിൽ ജുഡീഷ്യൻ അന്വേഷണമാണ് വേണ്ടതെങ്കിൽ അതും കൂടിയാലോചിച്ചു തീരുമാനിക്കും. ആരോപണവിധേയരായിട്ടുള്ളവർ ഈ കേസ് അന്വേഷിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പി വി അൻവർ പറയുന്ന പല കാര്യങ്ങളും സത്യമാണെന്ന് മുസ്ലീം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡൻറ് ഇക്ബാൽ മുണ്ടേരി പ്രതികരിച്ചു. ഇനിയാണ് സ്വാതന്ത്ര്യ സമര സേനാനിയായ ഷൗക്കത്തലി സാഹിബിൻ്റെ മകൻ പി വി അൻവറിൻ്റെ യഥാർത്ഥ മുഖം പിണറായി കാണേണ്ടതെന്നും ഇക്ബാൽ മുണ്ടേരി പറഞ്ഞു. ഈ ഭരണം സംഘ്പരിവാറിന് കുടപിടിക്കുകയാണ് എന്നും, മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ഓഫീസും എല്ലാ തരം അഴിമതികളുടെയും കൂത്തരങ്ങായി മാറിയിട്ടുണ്ടെന്നും വർഷങ്ങളായി പറഞ്ഞ് കൊണ്ടിരിക്കുന്ന മുസ്ലിം ലീഗിൻ്റെയും യുഡിഎഫിൻ്റേയും നിലപാടാണ് സത്യമെന്ന് തിരിച്ചറിഞ്ഞ് അതിൻ്റെ കൂടെ നിൽക്കാൻ പഴയ കോൺഗ്രസുരനായ അൻവർ തയ്യാറാവുന്ന ഘട്ടം വരുമെന്ന് ഇക്ബാൽ മുണ്ടേരി കൂട്ടിച്ചേര്‍ത്തു.
ഈ ദുഷ്ടശക്തികൾക്കെതിരെ നാടിൻ്റെ നന്മക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാമെന്നും പി വി അൻവറിനോട് മുസ്ലീം ലീഗ് നേതാവ് ഇക്ബാൽ മുണ്ടേരി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്ബാല്‍ മുണ്ടേരി നിലപാട് അറിയിച്ചത്. ചര്‍ച്ചയായതിന് പിന്നാലെ ഇക്ബാൽ മുണ്ടേരി പോസ്റ്റ് ഡിലീറ്റ് ചെയ്തു. വാർത്ത പുറത്ത് വന്നതിന് പിറകെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത്.