ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടിഉഷയും അംഗങ്ങളും തമ്മില്‍ തര്‍ക്കം രൂക്ഷം; പ്രസിഡന്റായതിനെ ചോദ്യം ചെയ്ത് ഐഒഎ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സ്ഥാനമാനങ്ങളെ ചൊല്ലി പ്രസിഡന്റ് പി.ടി. ഉഷയും എക്‌സിക്യൂട്ടീവ് അംഗങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ മറനീക്കി പുറത്തേക്ക്. ഐഒഎ ഭരണഘടനയും സ്പോര്‍ട്സ് കോഡും ലംഘിച്ച് സ്ഥാനങ്ങള്‍ വഹിക്കുന്നുവെന്ന പേരിലാണ് പി.ടി ഉഷയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരസ്പരം തര്‍ക്കമുണ്ടായിരിക്കുന്നത്. കലഹം രൂക്ഷമായതോടെയാണ് ഇക്കാര്യം സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. സ്പോര്‍ട്സ് കോഡ് ലംഘിച്ച് ഐഒഎയില്‍ നിയമനം നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ പത്തിന് അഞ്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് ഉഷ നോട്ടീസ് അയച്ചിരുന്നു. രോപണങ്ങള്‍ക്ക് മറുപടിയായി, വൈസ് പ്രസിഡന്റും എക്‌സിക്യൂട്ടീവ് അംഗവുമായ രാജ്ലക്ഷ്മി സിംഗ് ദിയോ മറുപടി നല്‍കിയതിന് പിന്നാലെയാണ് തര്‍ക്കം മറ നീക്കിയത്. ഉഷ ഐഒഎ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്യുകയാണ് രാജ്‌ലക്ഷ്മി സിംഗ് ദിയോ അടക്കമുള്ള മറ്റു അംഗങ്ങള്‍.
” നിങ്ങളെ പ്രസിഡന്റായി തെരഞ്ഞെടുത്തത് ഐഒഎയുടെ ജനറല്‍ബോഡിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല.ഇക്കാരണത്താല്‍ നിങ്ങളുടെ പ്രസിഡന്റ് പദവി സംശയാസ്പദമാണ്”. വ്യാഴാഴ്ച രാജലക്ഷ്മി നല്‍കിയ കത്തിലാണ് ഉഷയുടെ പദവിയെ ചൊല്ലി ഗുരുതര ആരോപണം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് മന്ത്രി മന്‍സുഖ് മാണ്ഡവ്യക്കും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിലെ എന്‍.ഒ.സി റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്ിലെ ജെറോം പോയിവിക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
ഐഒഎയുടെ പ്രസിഡന്റായി ഉഷയെ തിരഞ്ഞെടുത്തത് ‘നിയമവിരുദ്ധമാണ്’ എന്ന് പറഞ്ഞ രാജ്ക്ഷ്മി ഐഒഎയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സ്പോര്‍ട്സ് പേഴ്സണ്‍ ഓഫ് ഔട്ട്സ്റ്റാന്‍ഡിംഗ് മെറിറ്റിനെ (എസ്ഒഎം) നാമനിര്‍ദ്ദേശം ചെയ്യുന്നതിനും തിരഞ്ഞെടുക്കുന്നതിനുമുള്ള നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഐഒഎ ഭരണഘടനയിലെ വിവിധ വകുപ്പുകളും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തന്റെ ആരോപണവുമായി ബന്ധപ്പെട്ട ഉഷയുടെ പ്രതികരണം എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി പങ്കിടണമെന്ന് രാജലക്ഷ്മി ആവശ്യപ്പെട്ടിട്ടുണ്ട്.