ഗംഗാവലിയിൽ കൂടുതൽ വാഹനങ്ങൾ കണ്ടെത്തിയ മാൽപെയെ അധികൃതർ ഭീഷണിപ്പെടുത്തി’: ലോറിയുടമ മനാഫ്
ഗംഗാവലിയിൽ കൂടുതൽ വാഹനങ്ങൾ ഉണ്ടെന്ന് ലോറിയുടമ മനാഫ്. കൂടുതൽ വാഹനങ്ങൾ കണ്ടെത്തിയ മാൽപെയെ അധികൃതർ ഭീഷണിപ്പെടുത്തി. കൂടുതൽ വാഹനങ്ങൾ കണ്ടെത്തിയാൽ ജില്ലാഭരണകൂടം പ്രതിക്കൂട്ടിലാകും. കൂടുതൽ വാഹനങ്ങൾ കണ്ടെത്തിയതോടെ ഭീഷണിയുമായി അധികൃതർ രംഗത്തെത്തി. ഷിരൂരിൽ നടക്കുന്നത് നാടകം. മാൽപെ ഇതിന് വഴങ്ങാത്തത്തിൽ ഭീഷണിയുണ്ടായെന്നും മനാഫ് പറഞ്ഞു.
ഇനി ഷിരൂരിലേക്ക് തിരിച്ചുവരുന്നില്ല. ഇന്ന് ഒരു സ്കൂട്ടർ നദിയിൽ നിന്നും കണ്ടെത്തിയിരുന്നു. അതിനൊപ്പം അർജുന്റെ ലോറിയിൽ നിന്നുളള തടിക്കഷ്ണങ്ങളും കണ്ടെത്തി. നദിക്കടിയിൽ നിന്നും ഇനിയും വണ്ടി കിട്ടുമെന്ന് കരുതുന്നുവെന്ന് ഈശ്വർ മാൽപെ വ്യക്തമാക്കി. അർജുന്റെ കുടുംബത്തിന് വാക്ക് നൽകിയിരുന്നു. പക്ഷേ മടങ്ങുകയാണ്. അധികൃതരോട് വഴക്ക് കൂടി നിൽക്കാൻ വയ്യ. അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ഈശ്വർ മാൽപെ വ്യക്തമാക്കി.
പൊലീസ് താൻ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അതിനാൽ മടങ്ങുകയാണെന്നും ഈശ്വർ മാൽപെ പറഞ്ഞു. അധികം ഹീറോ ആകേണ്ടെന്ന് പൊലീസ് തന്നോട് പറഞ്ഞു. വിവരങ്ങൾ ആരോടും പറയരുതെന്നാണ് അവർ പറയുന്നത്. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാൽ മാത്രമേ വരൂവെന്നും ഈശ്വർ മാൽപെ വ്യക്തമാക്കി.