NationalTop News

‘ആം ആദ്മി പാർട്ടിക്ക് ഒരൊറ്റ നേതാവേയുള്ളൂ, അത് അരവിന്ദ് കെജ്‌രിവാൾ ആണ്’; കൈലാഷ് ഗെഹ്ലോട്ട്

Spread the love

ആം ആദ്മി പാർട്ടിക്ക് ഒരൊറ്റ നേതാവേ ഉള്ളൂവെന്നും, അത് അരവിന്ദ് കെജ്‌രിവാൾ ആണെന്നും മന്ത്രി കൈലാഷ് ഗെഹ്ലോട്ട് . തെരഞ്ഞെടുപ്പിന് ഇനി കുറച്ച് മാസങ്ങൾ മാത്രമാണ് ഉള്ളത്.ആം ആദ്മി മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തും. പ്രതിപക്ഷത്തിന് ഡൽഹിയിലെ ജനങ്ങൾ ഉചിതമായ മറുപടി നൽകുമെന്നും മന്ത്രി കൈലാഷ് ഗെഹ്ലോട്ട് പ്രതികരിച്ചു.

അതേസമയം അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 11 വര്‍ഷത്തിനിപ്പുറമാണ് അരവിന്ദ് കെജ്‌രിവാളിനു ശേഷം ഡൽഹിയിൽ പുതിയ മുഖ്യമന്ത്രി വരുന്നത്. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി. അരവിന്ദിന് പകരം അതിഷി തന്നെയെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകയായി തുടങ്ങി മനീഷ് സിസോദിയയുടെ ഉപദേശകയായി, പിന്നീടൊരു പ്രതിസന്ധി ഘട്ടത്തില്‍ ആം ആദ്മിക്ക് വേണ്ടി ഡല്‍ഹിയുടെ ഭരണചക്രം തിരിച്ച അതിഷിയില്‍ കെജ്‌രിവാള്‍ വിശ്വാസമര്‍പ്പിക്കുന്നതില്‍ അത്ഭുതമൊന്നുമില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതിഷിയുടെ പേര് നിര്‍ദേശിച്ചതും അരവിന്ദ് കെജ്‌രിവാള്‍ തന്നെയാണ്.

സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായ്, മുകേഷ് അഹ്ലാവത്ത്, കൈലാഷ് ഗഹ്ലോട്ട്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. അതിഷിയുടെ മാതാപിതാക്കളായ ത്രിപ്ത വാഹിയും വിജയ് സിങ്ങും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.