മാൽപെയ്ക്ക് അനുമതി നൽകാത്തത് ഒരേ സമയം ഡ്രഡ്ജിങും ഡൈവിങ്ങും അപകടമായതിനാൽ; ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ
ഷിരൂർ ദൗത്യവുമായി ബന്ധപ്പെട്ട് ഈശ്വർ മാൽപെയ്ക്ക് അനുമതി നൽകാത്തത് ഒരേ സമയം ഡ്രഡ്ജിങും ഡൈവിങ്ങും അപകടമായതിനാലെന്ന വിശദീകരണവുമായി ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ. ഈശ്വർ മൽപെയെ തിരിച്ചു വിളിക്കുമോ എന്ന ചോദ്യത്തിന് ഈ തിരച്ചിൽ ദൗത്യത്തിൽ തീരുമാനം എടുക്കുന്നത് എസ്പി ആണെന്നും എൻഡിആർഎഫ്, എസ്ഡിആർഎഫ് തിരച്ചിലിന്റെ ഭാഗമാകും,ആവശ്യമെങ്കിൽ നേവിയുടെ സഹായം തേടുമെന്നും കളക്ടർ വ്യക്തമാക്കി.
ഷിരൂരിൽ തിരച്ചിലുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമായിരുന്നു ഡ്രെഡ്ജിങ് കമ്പനിക്ക് കരാർ നൽകിയിരുന്നത്. ഇന്ന് കാര്യമായ ഫലം ലഭിക്കാത്തതിനാൽ നാളെയോടുകൂടി അവസാനിക്കേണ്ട ദൗത്യം വീണ്ടും 10 ദിവസത്തേക്ക് കൂടി നീട്ടുകയാണെന്നും ജില്ലാ കളക്ടർ ഔദ്യോഗികമായി അറിയിച്ചു.ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് തിരച്ചിൽ വീണ്ടും പുനരാരംഭിക്കുമെന്നും കളക്ടർ സൂചിപ്പിച്ചു.
അതേസമയം, ഷിരൂരിലെ മുന്നോട്ടുള്ള ദൗത്യത്തിനായി മേജർ ഇന്ദ്രബാലിന്റെ സഹായം തേടുമെന്നും തിരച്ചിൽ തുടരുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ. വ്യക്തമാക്കി. നാളെ റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാലൻ ഷിരൂരിൽ എത്തും.അഞ്ചു ഡൈവർമാർ അടിത്തട്ടിൽ പരിശോധന നടത്താൻ സജ്ജമാണ് ഈശ്വർ മാൽപയെ ഇല്ലെങ്കിലും തിരച്ചിൽ നടത്താനാകും അതിനായി ഒരു തടസ്സവും ഉണ്ടാകില്ല. മണ്ണ് നീക്കം പുനരാരംഭിച്ചുവെന്നും എംഎൽഎ പറഞ്ഞു.
സർക്കാരിന്റെ മുഴുവൻ പ്രവർത്തനങ്ങളെയും ചോദ്യത്തിന്റെ മുനയിൽ നിർത്തിയായിരുന്നു മാൽപെയുടെ പ്രവർത്തനം. അദ്ദേഹം പ്രവർത്തിക്കുന്നതിനോട് വിയോജിപ്പ് ഇല്ല. എന്നാൽ ജില്ലാ ഭരണകൂടത്തെ അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് എംഎൽഎ പറഞ്ഞു.
ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയ്ക്ക് പിന്നാലെയാണ് ഈശ്വര്‍ മാല്‍പെ ദൗത്യത്തില്‍ നിന്ന് പിന്മാറിയത്. ഷിരൂര്‍ ദൗത്യം മൂന്നാം ഘട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നാവിക സേന കണ്ടെത്തിയ ഒന്ന്, രണ്ട് പോയിന്റുകളാണ്. ഈ പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് ഇനി തിരച്ചില്‍ നടക്കാന്‍ പോകുന്നത്. ആ പോയിന്റ് കേന്ദ്രീകരിച്ചുള്ള തിരച്ചിലിന് വേണ്ടി ഈശ്വര്‍ മാല്‍പെ തയ്യാറായിരുന്നു. എന്നാല്‍ തിരച്ചില്‍ നടത്തേണ്ടെന്ന് പറഞ്ഞ് ഈശ്വര്‍ മാല്‍പെയെ അവിടെ നിന്ന് മാറ്റിനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ തിരച്ചിലില്‍ പങ്കാളിയാക്കാതെ മാല്‍പെയെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിന് പിന്നാലെ അദ്ദേഹത്തെ ദൗത്യത്തിന്റെ ഭാഗമാക്കുകയായിരുന്നു.
ഇന്ന് രാവിലെ പ്രധാനപ്പെട്ട പോയിന്റുകളിലെ തിരച്ചിലില്‍ നിന്നും മാറ്റിനിര്‍ത്തിയതിന് പിന്നാലെ മാല്‍പെ ജില്ലാ ഭരണകൂടവുമായി അഭിപ്രായ വ്യത്യാസത്തിലേക്കെത്തുകയായിരുന്നു. അതുകൊണ്ട് തിരിച്ചു പോകുകയാണെന്നും എപ്പോഴും ഭരണകൂടവുമായി അടിയുണ്ടാക്കാന്‍ സാധിക്കില്ലെന്നും മാല്‍പെ പറഞ്ഞിരുന്നു. ജില്ലാ ഭരണകൂടത്തില്‍ നിന്നും വലിയ രീതിയിലുള്ള മാനസിക സമ്മര്‍ദ്ദമുണ്ടാകുന്നുവെന്നും ആരും പണം തന്നിട്ടല്ല വന്നതെന്നും മാല്‍പെ പറഞ്ഞു. എല്ലാ സ്ഥലവും നോക്കി, ഇന്ന് സ്‌കൂട്ടര്‍ കിട്ടിയിടത്ത് ഇനിയും തടിയുണ്ടെന്നും തിരച്ചിലിന് ഒരു സൗകര്യമില്ലെന്നും മടുത്തിട്ടാണ് പോകുന്നതെന്നും മാല്‍പെ കൂട്ടിച്ചേർത്തു.