‘ADGP – RSS നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി’ ; ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍
ADGP – RSS നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി തന്നെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അല്ലാതെ എന്തുകാര്യത്തിനാണ് കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ട് ഒരു മണിക്കൂര്‍ സംസാരിച്ചതെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയല്ല എന്ന് മുഖ്യമന്ത്രി പറയുന്നെങ്കില്‍ എന്തുകൊണ്ട് ഇന്റലിജിന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍എസ്എസിന് കേരളത്തിലെ സിപിഎം കൊടുത്ത പിന്തുണയുടെ തുടര്‍ച്ചയാണ് പിന്നീട് തൃശൂര്‍പൂരം കലക്കുന്നതിലേക്ക് വന്നതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. പൂരം അലങ്കോലപ്പെടുത്തിയെന്നതിന്റെ പേരില്‍ കമ്മിഷണര്‍ക്കെതിരെ നടപടി എടുത്ത മുഖ്യമന്ത്രി എന്തുകൊണ്ട് അവിടെ ഉണ്ടായിരുന്ന ADGPക്കെതിരെ നടപടി എടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു. തൃശൂര്‍ പൂരം നിയന്ത്രിക്കാന്‍ കമ്മിഷണര്‍ കൊണ്ടുവന്ന ബ്ലൂ പ്രിന്റ് ADGP ആട്ടിമറിച്ചുവെന്നും വിഡി സതീശന്‍ പറഞ്ഞു.
തന്റെ പാര്‍ട്ടിയിലെ രാഷ്ട്രീയ എതിരാളികള്‍ക്കാണ് മുഖ്യമന്ത്രി ഇന്ന് മറുപടി കൊടുത്തതെന്ന് വിഡി സതീശന്‍ പറഞ്ഞു. പി വി അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ അദ്ദേഹം അന്‍വറിനെ മുന്‍ നിര്‍ത്തി മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞവര്‍ക്കുള്ള മറുപടിയാണ് നല്‍കിയതെന്നും കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത് ഭരണകക്ഷി എംഎല്‍എക്കെതിരെയാണെന്നും അങ്ങനെയെങ്കില്‍ ഈ എംഎല്‍എക്കെതിരെ നടപടിയെടുക്കാന്‍ നിങ്ങള്‍ തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അയാള്‍ പറഞ്ഞ പകുതി ആരോപണങ്ങള്‍ അന്വേഷിക്കുന്നു. പി ശശിക്കെതിരെ അന്വേഷണം നടത്താതിരിക്കുകയും എഡിജിപിക്കെതിരെ അന്വേഷണം നടത്തുകയും ചെയ്യുന്നു – വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.