‘അന്നയുടെ അനുഭവം ഒരാൾക്കും ഉണ്ടാകരുത്, കേന്ദ്ര മന്ത്രി എന്നതിനപ്പുറം ഒരു അച്ഛൻ എന്ന നിലയിൽ വിഷയം പാർലമെന്റിൽ ഉന്നയിക്കും’; സുരേഷ് ഗോപി
ജോലി സമ്മർദ്ദത്തെ തുടർന്ന് മരിച്ച ഏണസ്റ്റ് ആൻഡ് യങ്ങിലെ ചാർട്ടേഡ് അക്കൌണ്ടന്‍റായിരുന്ന കൊച്ചി സ്വദേശിനി അന്ന സെബാസ്റ്റ്യന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പാര്‍ലമെന്‍റിൽ അന്നയുടെ മരണം വിഷയമായി വരും. കേന്ദ്ര മന്ത്രി എന്നതിനപ്പുറം ഒരു അച്ഛൻ എന്ന നിലയിൽ പാർലമെന്റിൽ ഉന്നയിക്കും. തൊഴിൽ ചൂഷണം നടത്തുന്ന കമ്പനികൾക്കെതിരെ നടപടി ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു
അന്നയുടെ കുടുംബവുമായി സംസാരിച്ചുവെന്ന് സുരേഷ് ഗോപി സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അനീതിയുണ്ടായതായാണ് തോന്നുന്നത്. ഇനി ഒരാൾക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകരുത്. സാമൂഹികമായ തിരുത്തൽ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജോലി സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഇടപെടലുമായി ഏണസ്റ്റ് ആൻഡ് യംഗ് കമ്പനി രംഗത്തെത്തി. അന്നയുടെ കുടുംബത്തെ നേരിൽ കാണുമെന്ന് വ്യക്തമാക്കിയ ചെയർമാൻ രാജീവ് മെമാനി അന്നയുടെ കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്നും അറിയിച്ചു.
ഏണസ്റ്റ് ആൻഡ് യംഗ് കമ്പനി അധികൃതർക്ക് അന്നയുടെ മാതാവ് അയച്ച കത്ത് പുറത്തു വന്നതിന് പിന്നാലെ കമ്പനിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനുരഞ്ജന ശ്രമമെന്ന നിലയിൽ അന്നയുടെ കുടുംബത്തെ നേരിൽ കാണാൻ ഏണസ്റ്റ് ആൻഡ് യംഗ് കമ്പനി ചെയർമാൻ രാജീവ് മെമാനി നേരിട്ടെത്തുന്നത്.
അന്നയുടെ കുടുംബത്തോട് ഫോണിൽ സംസാരിച്ച ചെയർമാൻ കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്ന് ഉറപ്പ് നൽകി. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർതലത്തിൽ ഇടപെടൽ വേണമെന്നും ഇനിയൊരാൾക്കും ഈ അവസ്ഥ വരരുതെന്ന് അന്നയുടെ പിതാവ് പറഞ്ഞു.