KeralaTop News

ദുരിതാശ്വാസനിധിയെ തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ; ഇതിൽ നിന്ന് പിന്തിരിയണം’; മുഖ്യമന്ത്രി

Spread the love

ദുരിതാശ്വാസനിധിയെ തകർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജപ്രചരണങ്ങൾ പാവപ്പെട്ട മനുഷ്യരെ ബാധിക്കുന്നു. ഇതിൽനിന്ന് പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സർക്കാരിന്റെ കാലത്ത് 2135 കോടി ദുരിതാശ്വാസനിധിയിൽ നിന്നും നൽകിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മാധ്യമങ്ങൾ മാത്രമാണ് ഇല്ലാക്കഥ പ്രചരിപ്പിക്കുന്നത് എന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനു പിന്നിൽ രാഷ്ട്രീയം ഉണ്ട്. കേരളത്തെ തകർക്കാൻ സ്വയം ചില മാധ്യമങ്ങൾ ആയുധമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി വിമർശിച്ചു. 2018 പ്രളയത്തിൽ സാലറി ചലഞ്ച് തകർക്കാൻ കോൺഗ്രസ് അനുകൂല സംഘടനകൾ രംഗത്തുവന്നു. കൊവിഡ് കാലത്ത് മാനദണ്ഡങ്ങൾ ലംഘിച്ച് പുറത്തിറങ്ങാൻ കോൺഗ്രസ് പ്രേരിപ്പിച്ചു. കൊവിഡ് കാലത്ത് സമര കോലാഹലങ്ങൾ നടത്തി പ്രതിരോധ പ്രവർത്തനത്തെ തകർക്കാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

അതേസമയം മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന്റെ ആദ്യ അര മണിക്കൂറിൽ മാധ്യമങ്ങളെ രൂക്ഷമായാണ് വിമർശിച്ചത്. വ്യാജ വാർത്തകളുടെ വലിയ പ്രശ്നം നുണകൾ അല്ലെന്നും അതിന് പിന്നിലുള്ള അജണ്ടകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ സഹായം നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന ദുഷ്ട ലക്ഷ്യം ഇതിന് പിന്നിലുണ്ട്. എല്ലാ പിന്തുണയും ഉണ്ടായിരുന്നു. ആ പിന്തുണയൂം സഹായവും തടയുകയാണ് വ്യാജ വർത്തകളുടെ അജണ്ട.
സമൂഹത്തിന് എതിരായ കുറ്റകൃത്യമാണ്. ചില മാധ്യമങ്ങൾ തെറ്റായ വാർത്ത കൊടുത്തു എന്ന് പറഞ്ഞ് തിരുത്തി. അത് നല്ലകാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രത്തിന് നൽകിയ മെമ്മോറാണ്ടത്തിലെ കണക്കുകൾ ചിലവിന്റെ കണക്കായി വ്യാഖ്യാനിച്ചാണ് വ്യാജവാർത്തകൾ ഉണ്ടാക്കിയത്. ഏതുവിധേനയും സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തുകയാണ്.
ഈ ത്വരയിൽ ചതിച്ചത് ദുരന്തത്തിനെതിരയായ മനുഷ്യരെയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, അതിനു പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരാണ്. അങ്ങനെ തയ്യാറാക്കിയ വിവരങ്ങളാണ് കള്ളക്കണക്ക് എന്ന് പറഞ്ഞു ആക്ഷേപിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.