Top NewsWorld

പ്രവാചക നിന്ദ ആരോപിച്ച് ഡോക്ടറെ പോലീസ് വെടിവെച്ചു കൊന്നു, മൃതദേഹം കത്തിച്ച് ജനക്കൂട്ടം; ആഴ്ച്ചകള്‍ക്കിടെ രണ്ടാമത്തെ സംഭവം

Spread the love

ബുധനാഴ്ച രാത്രിയോടെ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരെ അവരുടെ വാഹനം പരിശോധിക്കുന്നതിനായി മിര്‍പൂര്‍ഖാസ് നഗരത്തിലെ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ വാഹനം നിര്‍ത്താതെ ഇവരില്‍ ഒരാള്‍ പോലീസിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് തിരിച്ചും വെടിവെച്ചതോടെ ഇവരില്‍ ഒരാള്‍ കൊല്ലപ്പെടുകയായിരുന്നു. വെടിവെപ്പിന് ശേഷമാണ് തങ്ങള്‍ വെടിവെച്ചത് മതനിന്ദ നടത്തിയ ഡോ. ഷാനവാസ് കന്‍ഭര്‍ ആണെന്ന് പോലീസിന് മനസിലായത്. ഇദ്ദേഹത്തിന്റെ സഹയാത്രികന്‍ രക്ഷപ്പെട്ടതായും പോലീസ് മേധാവി നിയാസ് ഖോസോ പറഞ്ഞു. എന്നാല്‍ കന്‍ഭറിന്റെ സഹയാത്രികന്‍ അബദ്ധത്തില്‍ വെടിവെച്ചു കൊന്നുവെന്ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ ഖാസ് അസദ് ചൗധരിയും പറഞ്ഞു. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഡോ. ഷാനവാസ് കന്‍ഭറിനെ തിരിച്ചറിഞ്ഞ് പോലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വെടിയുതിര്‍ത്തുവെന്ന വിവരവും പ്രാദേശിക മാധ്യങ്ങളില്‍ വന്നിട്ടുണ്ട്. എന്നാല്‍ സംഭവം വ്യാജ ഏറ്റുമുട്ടല്‍ കൊലയാണെന്ന് ആരോപിച്ച് ഡോകടറുടെ ബന്ധുക്കള്‍ രംഗത്തെത്തി.

തെക്കന്‍ പാകിസ്ഥാനില്‍ മതനിന്ദ ആരോപിച്ച് ഡോക്ടറെ പോലീസ് വെടിവച്ചു കൊന്നു. കറാച്ചിയില്‍ നിന്ന് ഏകദേശം 250 കിലോമീറ്റര്‍ വടക്കുകിഴക്ക് മിര്‍പുര്‍ഖാസിനടുത്താണ് സംഭവം. ഡോ. ഷാനവാസ് കന്‍ഭര്‍ എന്ന ഡോക്ടറെയാണ് പോലീസ് വധിച്ചത്. ഏറ്റുമുട്ടലിനിടെ ഡോക്ടര്‍ കൊല്ലപ്പെട്ടുവെന്നതാണ് പോലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ വ്യാജ ഏറ്റുമുട്ടലില്‍ ഡോക്ടര്‍ കന്‍ഭറിനെ വധിച്ചുവെന്നാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. സംഭവത്തില്‍ സിന്ധ് പ്രവിശ്യയിലെ പ്രാദേശിക പോലീസ് മേധാവി നിയാസ് ഖോസോയുടെ വിശദീകരണം ഇങ്ങനെയാണ്. പ്രവാചകനായ മുഹമ്മദിനെ അപമാനിച്ചതിനും സമൂഹമാധ്യമങ്ങളില്‍ മതനിന്ദാപരമായ ഉള്ളടക്കം പങ്കുവെച്ചതിനും കുറ്റാരോപിതനായ ഷാനവാസ് കന്‍ഭര്‍ ചൊവ്വാഴ്ച ഒളിവില്‍ പോയിരുന്നു.

മതനിന്ദ ആരോപിക്കപ്പെട്ട കന്‍ഭറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉമര്‍കോട്ടിലെ ഇസ്ലാമിസ്റ്റുകള്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ഇദ്ദേഹത്തിന്റെ ക്ലിനിക്ക് കത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഡോക്ടര്‍ കന്‍ഭര്‍ വെടിയേറ്റ് മരിച്ചത്. നാട്ടുകാരും ഉദ്യോഗസ്ഥരും തടഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാന്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വന്നതായി ബന്ധുക്കള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. കന്‍ഭറിന്റെ മൃതദേഹം രോഷാകുലരായ ജനക്കൂട്ടം കത്തിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. കന്‍ഭറിന്റെ കുടുംബം അദ്ദേഹത്തിന്റെ ജന്മഗ്രാമമായ ജാന്‍ഹീറോയിലേക്ക് മൃതദേഹം സംസ്‌കരിക്കുന്നതിനായി കൊണ്ടുവന്നിരുന്നു. എന്നാല്‍ മൃതദേഹം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ തടിച്ചുകൂടുകയും ബന്ധുക്കളെ ഓടിക്കുകയും ചെയ്തു. ലോക്കല്‍ പോലീസ് ഓഫീസര്‍ ഷക്കൂര്‍ റഷീദ് പറഞ്ഞു. സംഘര്‍ഷവസ്ഥയില്‍ കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടതോടെ ഉപേക്ഷിച്ച കാറുകളിലൊന്നില്‍ ജനക്കൂട്ടം മൃതദേഹം കണ്ടെത്തി തീയിട്ടതായും റഷീദ് കൂട്ടിച്ചേര്‍ത്തു.

ഒരു പെണ്‍കുട്ടിയടക്കം നാല് മക്കളും ഭാര്യയുമടങ്ങുന്നതാണ് കന്‍ഭറിന്റെ കുടുംബം.

ഫേസ്ബുക്കിലാണ് ഡോ. ഷാനവാസ് കന്‍ഭര്‍ മതനിന്ദാപരമായ വിവരങ്ങള്‍ പങ്കുവെച്ചതെന്ന് പറയുന്നു. തുടര്‍ന്ന് ഞായറാഴ്ച ഉമര്‍കോട്ടിലെ പ്രാദേശിക പള്ളിയിലെ പുരോഹിതന്‍ സാബിര്‍ സൂംറോ ഡോക്ടര്‍ക്കെതിരെ മതനിന്ദക്ക് കേസ് നല്‍കി. പാകിസ്ഥാന്‍ പീനല്‍ കോഡ് സെക്ഷന്‍ 295-സി പ്രകാരം ഉമര്‍കോട്ട് ടൗണി ക്ലീനിക് നടത്തുന്ന കാന്‍ഭറിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിനിടെ ക്ലിനിക് ജനക്കൂട്ടം വളയുകയും തീയിടുകയുമായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട ഡോകടര്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും മതനിന്ദാപരമായ ഉള്ളടക്കം പങ്കിടുന്നത് തനിക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലെന്നും അവകാശപ്പെട്ട് ഒരു ഹോട്ടലില്‍ നിന്ന് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

അതേ സമയം പാക്കിസ്ഥാനില്‍ ആഴ്ചകള്‍ക്കിടെ വെടിയേറ്റ് കൊല്ലപ്പെടുന്ന രണ്ടാമത്തെ മതനിന്ദ കുറ്റക്കാരനാണ് ഡോ. ഷാനവാസ് കന്‍ഭര്‍. വടക്ക്-പടിഞ്ഞാറന്‍ പട്ടണമായ മദ്യാനിലെ ഒരു പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയ ജനക്കൂട്ടം വിനോദസഞ്ചാരിയായ ഒരു തടവുകാരനെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചുവെന്നാരോപിച്ച് കൊലപ്പെടുത്തിയുരുന്നു. അതേ സമയം ഡോ. ഷാനവാസ് കാന്‍ഭറിന്റെ കൊലപാതകത്തില്‍ സിന്ധ് പ്രവിശ്യ ആഭ്യന്തര മന്ത്രി സിയ ഉല്‍ ഹസന്‍ ലിഞ്ചാര്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൊലപാതകങ്ങളെ പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ (എച്ച്ആര്‍സിപി) ശക്തമായി അപലപിച്ചു. ‘മതനിന്ദ ആരോപിച്ചുള്ള കൊലപാതകങ്ങളില്‍ അതീവ ഉത്കണ്ഠയുള്ളതായും നിയമപാലകര്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന ദൈവനിന്ദ കേസുകളിലെ അക്രമത്തിന്റെ രീതി ഭയാനകമായ പ്രവണതയാണെന്നും സംഘടന വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.