ഡ്രഡ്ജര്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തുള്ള പരിശോധനക്ക് മുന്‍ഗണന നല്‍കണം’; ആവശ്യവുമായി അര്‍ജുന്റെ കുടുംബം
ഷിരൂരില്‍ കാണാതായ അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് മണ്ണ് നിക്കം ചെയ്തുള്ള പരിശോധനക്ക് മുന്‍ഗണന നല്‍കണമെന്ന് അര്‍ജുന്റെ കുടുംബം. പോയിന്റ് ഫോര്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഡൈവിംഗിനെ പിന്തുടര്‍ന്നല്ല ഡ്രഡ്ജര്‍ പരിശോധന സംവിധാനം പ്രവര്‍ത്തിക്കേണ്ടതെന്നും ഇവര്‍ പറഞ്ഞു. പരിശോധന തീരുന്നതുവരെ ഷിരൂരില്‍ തുടരുമെന്നും അര്‍ജുന്റെ സഹോദരി അഞ്ജുവും ഭര്‍ത്താവ് ജിതിനും പറഞ്ഞു.
അതേസമയം, ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ഈശ്വര്‍ മല്‍പെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങള്‍ പുറത്തെത്തിച്ചു. പരിശോധനയില്‍ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങള്‍ ഇരുമ്പ് വടം വച്ചാണ് പുറത്തെത്തിച്ചത്. ലോറിയുടെ ആക്‌സിലും രണ്ട് ടയറുകളും ഉയര്‍ത്തി. എന്നാല്‍ ഇത് അര്‍ജുന്റെ ലോറിയുടേത് അല്ലെന്നാണ് ലോറി ഉടമ മനാഫ് പറയുന്നത്.
പുറത്തെത്തിച്ച ഭാഗം ടാങ്കറിന്റേത് ആണ്. ലോറിയുടേത് അല്ലെന്നുമാണ് കണക്കാക്കുന്നത്. നേരത്തെ ഒരു ടാങ്കര്‍ ലോറിയും കാണാതായിരുന്നു. അര്‍ജുന്റെ ലോറിയുടെ താഴെ ഉള്ള നിറം കറുപ്പാണ്. ഇത് ഓറഞ്ച് നിറം ആണെന്നും അര്‍ജുന്റെ ലോറി അല്ലെന്നും മനാഫ് വ്യക്തമാക്കി.