KeralaTop News

ADGP-RSS കൂടിക്കാഴ്ച; ‘അജിത് കുമാറിനെതിരെ ഇപ്പോൾ നടപടിയില്ല’; അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി

Spread the love

എഡിജിപി എംആർ അജിത് കുമാറിനെതിരെ ഇപ്പോൾ നടപടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അജിത് കുമാറിനെതിരെ ഉയർന്ന ആക്ഷേപങ്ങളെപ്പറ്റി അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ട് വന്നശേഷം നടപടി ആവശ്യമെങ്കിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഒരുതരത്തിലുള്ള രാഷ്ട്രീയ ചർച്ചയക്കും ഒരു പൊലീസ് ഉദ്യോസ്ഥനെയും നിയോഗിക്കുന്ന പതിവ് തങ്ങൾക്കില്ലെന്ന് മുഖ്യമന്ത്രി വിശദമാക്കി.

എഡിജിപിയ്ക്കെതിരെ അന്വേഷണം നടക്കട്ടെയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സാധാരണഗതിയിൽ ഒരു പരാതി തന്നാൽ അത് അന്വേഷിച്ചു നടപടിയെടുക്കുന്നതാണ് സാധാരണ നില. സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.വി അൻവർ ഒരു പരാതി നൽകുന്നതിനു മുൻപ് മാധ്യമങ്ങളിൽ പറഞ്ഞു. ഒരു ദിവസം പറഞ്ഞു പിറ്റേദിവസം പറഞ്ഞു പിന്നെയും പറഞ്ഞുകൊണ്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങളുടെ രാഷ്ട്രീയ താൽപര്യത്തിനുവേണ്ടി പോലീസുകാരെ പലതരം ഇടനിലകൾക്കായി ഉപയോഗിച്ചതിന്റെ മുൻകാല അനുഭവം വച്ചായിരിക്കും പ്രതിപക്ഷ നേതാവ് അങ്ങനെ ഒരു ആരോപണമുന്നയിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നമ്മുടെ സംസ്ഥാനത്ത് പൊലീസിന് നിർഭയമായും നീതിപൂർവ്വമായും പ്രവർത്തിക്കാനും സാഹചര്യമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പോലീസിന്റെ ഭാഗത്തുനിന്ന് തെറ്റ് സംഭവിക്കാൻ പാടില്ലാത്തതാണ്. അങ്ങനെ സംഭവിച്ചാൽ കർശന നടപടി ഉണ്ടാകും. പോലീസ് സേനയുടെ മനോവിര്യം തകർക്കാനുള്ള ബോധപൂർവ്വമുള്ള നീക്കത്തോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വർണവും ഹവാലപണവും കടത്തുന്നവരെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വർണ്ണക്കടത്തുകാരെ ന്യായീകരിച്ച് പോലീസിനെ നിർവീര്യമാക്കാനുള്ള ആഗ്രഹം സ്വർണക്കടത്തുകാർക്ക് ഉണ്ടാകും. സ്വർണക്കടത്ത് പിടിക്കുന്നവരെ നിർവീര്യമാക്കാനാണ് ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.