KeralaTop News

NCP യിൽ മന്ത്രിമാറ്റം; എ കെ ശശീന്ദ്രൻ ഒഴിയും, തോമസ് കെ തോമസ് മന്ത്രിയാകും

Spread the love

എന്‍സിപി മന്ത്രിസ്ഥാനം തോമസ് കെ തോമസ് ഉറപ്പിച്ചു. ദേശീയ അധ്യക്ഷൻ വിളിച്ച യോഗത്തിലാണ് സമവായം. പാർട്ടിയുടെ പ്രധാനസ്ഥാനങ്ങളിൽ എ കെ ശശീന്ദ്രനെ നിയമിക്കും. പവാറിന്റെ തീരുമാനത്തോട് യോജിക്കുന്നുവെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

അതേസമയം, പാര്‍ട്ടിയിലെ മന്ത്രി മാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷന്‍ പിസി ചാക്കോ മുഖ്യമന്ത്രിയ്ക്കും എ കെ ശശീന്ദ്രനും തോമസ് കെ തോമസിനും കത്ത് നൽകിയിരുന്നു . രണ്ടര വര്‍ഷത്തെ കരാര്‍ പ്രകാരം ശശീന്ദ്രന്‍ ഒഴിയണം എന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇതിന് പിന്നാലെ ശശീന്ദ്രനും തോമസ് കെ തോമസും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായും എ കെ ശശീന്ദ്രന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള എൻസിപിയിലെ പടലപിണക്കങ്ങൾ പലപ്പോഴായി മറനീക്കി പുറത്തുവന്നിരുന്നു. രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം ഒഴിഞ്ഞു തരാം എന്ന ധാരണ എ കെ ശശീന്ദ്രൻ അംഗീകരിച്ചില്ല എന്നതായിരുന്നു തോമസ് കെ തോമസിന്റെ പരാതി. എന്നാൽ അങ്ങനെയൊരു ധാരണ പാർട്ടിയിൽ ഇല്ലെന്നാണ് എ കെ ശശീന്ദ്രൻ വാദിച്ചിരുന്നത്. മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയാൽ എംഎൽഎ സ്ഥാനവും രാജിവെക്കുമെന്നായിരിന്നു ശശീന്ദ്രൻ്റെ നേരത്തേയുള്ള നിലപാട്. എന്നാല്‍ രണ്ടു വര്‍ഷത്തെ കരാറിനെ കുറിച്ച് അറിയില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയുമെന്നും എ കെ ശശീന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു.