ലെബനനിലെ പേജർ സ്ഫോടനം: മലയാളിയുടെ ബൾഗേറിയൻ കമ്പനിയിലേക്ക് അന്വേഷണം
ലെബനനിലെ പേജർ സ്ഫോടനത്തിൽ മലയാളിയുടെ ബൾഗേറിയൻ കമ്പനിയിലേക്ക് അന്വേഷണം. നോർവീജിയൻ പൗരനായ മലയാളി റിൻസൻ ജോസിന്റെ കമ്പനിയാണ് പേജർ വാങ്ങാനുള്ള കരാറിൽ ഏർപ്പെട്ടിരുന്നത്. ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിൽ പ്രവർത്തിക്കുന്ന കമ്പനിയെപ്പറ്റി അന്വേഷണം ആരംഭിച്ചു.
ലെബനനിൽ പേജർ സ്ഫാടനം നടന്ന അന്ന് മുതൽ മലയാളി ബന്ധമുള്ള കമ്പനി ഉടമ റിൻസൺ ജോസിനെ കാണാതായെന്നാണ് കമ്പനി അധികൃതർ പറയുന്നത്. പേജർ വാങ്ങാനുള്ള കരാരിൽ റിൻസന്റെ കമ്പനിയായ നോർട്ട ഗ്ലോബൽ ഉൾപ്പെട്ടിരുന്നതായാണ് വിവരം. ഇടനിലക്കാരനായ ക്രിസ്റ്റ്യാന ബാർസണിയ്ക്ക് പേജറുകൾ ലഭിക്കുന്നതിനുള്ള സാമ്പത്തിക ഇടപാട് നടത്തിയത് റിൻസന്റെ കമ്പനിയാണ് എന്നാണ് സൂചന.
1.3 മില്യൺ പൗണ്ട് ഈ കമ്പനി വഴിയാണ് ഇടനിലക്കാരന് കൈമാറിയത് എന്നാണ് റിപ്പോർട്ട്. ഇസ്രയേലി സുരക്ഷാ ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ആളാണ് ക്രിസ്റ്റ്യാന. റിൻസൺ ജോസിൻ്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലെ റെസിഡൻഷ്യൽ വിലാസത്തിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ഇവർ മുഖേനയാണ് ഇസ്രയേലിന്റെ ഷെൽ കമ്പനിയെന്ന് സംശയിക്കുന്ന ഹംഗറിയിലെ ബിഎസി കൺസൾട്ടിങ്ങിൽനിന്ന് ഹിസ്‌ബുല്ലയ്ക്ക് പേജറുകൾ കൈമാറിയത്.
പേജറുകളുടെ പണമിടപാടും റിൻസന്റെ നോർട്ട ഗ്ലോബൽ വഴിയാണ് നടന്നിട്ടുള്ളതെന്നും ബൾഗേറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പേജർ സ്ഫോടനങ്ങളിൽ തയ്വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ പങ്ക് സംശയിക്കപ്പെട്ടിരുന്നു. എന്നാൽ ആരോപണങ്ങൾ തയ്വാൻ കമ്പനി നിഷേധിച്ചു. ലെബനനിലെ സ്ഫോടന പരമ്പരകൾക്ക് പിന്നാലെ യുഎൻ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് ചേരും. ഹിസ്ബുല്ലയുടെ ശക്തി കേന്ദ്രങ്ങൾക്കെതിരെ ഇസ്രയേൽ ആക്രമണം തുടരുയാണ്.