NationalTop News

‘ ഹിന്ദുക്കള്‍ കൂട്ടക്കൊലക്കിരയാകുമ്പോള്‍ ബംഗ്ലാദേശുമായി ക്രിക്കറ്റ് കളിക്കുന്നത് നാണക്കേട്’ ; ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശവുമായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ രത്തന്‍ ശര്‍ദ

Spread the love

ബംഗ്ലാദേശുമായുള്ള ടെസ്റ്റ് ക്രിക്കറ്റുമായി മുന്നോട്ട് പോയതില്‍ ബിസിസിഐയെയും സെക്രട്ടറി ജയ് ഷായെയും രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് സൈദ്ധാന്തികന്‍ രത്തന്‍ ശര്‍ദ. ഹിന്ദുപോസ്റ്റ് എന്ന എക്‌സ് ഹാന്റിലില്‍ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു പ്രതികരണം. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വച്ച് നടക്കുന്ന മാച്ച് നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയതിന് ശേഷം ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ കൂട്ടക്കുരുതി നടക്കുമ്പോള്‍ അവരുമായി ക്രിക്കറ്റ് മാച്ച് കളിക്കുന്നത് മനുഷ്യത്വമില്ലായ്മയും നിരുത്തരവാദപരവുമാണെന്ന് ശര്‍ദ പറഞ്ഞു. വീഡിയോയില്‍ ജയ് ഷായുടെ ചിത്രങ്ങളും എടുത്ത് കാണിക്കുന്നുണ്ട്.

2021ല്‍ ട്വന്റി20 ടൂര്‍ണമെന്റിനിടെ ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ക്യാംപെയ്‌നിനെ ഇന്ത്യ പിന്തുണച്ചിരുന്നുവെന്ന് ശര്‍ദ ചൂണ്ടിക്കാട്ടി. സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ അഫ്ഗാനിസ്ഥാനൊപ്പം കളിക്കാന്‍ ഓസ്‌ട്രേലിയ വിസമ്മതിച്ച കാര്യവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

#BoycottBangladeshCricket എന്ന ഹാഷ് ടാഗിലാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. ബംഗ്ലാദേശിലേക്ക് നിങ്ങളുടെ ആസ്ഥാനം മാറ്റൂവെന്നും ബിസിസിഐയോട് ശര്‍ദ പറയുന്നു. സ്‌പോര്‍ട്‌സിനെ മാനുഷിക പ്രശ്‌നങ്ങളില്‍ നിന്ന് വേര്‍തിരിച്ചു കാണാന്‍ സാധിക്കില്ലെന്ന് ശര്‍ദ പറഞ്ഞു.