ബോളിവുഡിൽ സ്ത്രീകൾ ചരിത്രം സൃഷ്ടിക്കുമ്പോൾ തെന്നിന്ത്യയിലെ സ്ഥിതി പരിതാപകരം
പരമ്പരാഗതമായ പുരുഷ പ്രാധാന്യമുള്ള സിനിമകളിൽ നിന്ന് മാറി, ബോളിവുഡ് കഴിഞ്ഞ കുറച്ചു നാളുകളായി സ്ത്രീ പ്രാധാന്യമുള്ള സിനിമകളുടെ വലിയ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. എന്നാൽ തെന്നിന്ത്യയിൽ ഇതിനു ഇപ്പോഴും വലിയ മാറ്റം വന്നിട്ടില്ല. ഇരു വ്യവസായങ്ങളിലുമുള്ള സാങ്കേതിക വൈവിധ്യങ്ങളും, പ്രേക്ഷകതാല്പര്യങ്ങളിലെ വ്യത്യാസങ്ങളും ഇത് വ്യക്തമാക്കുന്നു. താരതമ്യേന തമിഴിലും മലയാളത്തിലും മാത്രമാണ് ഇതിൽ വിജയം ചിലപ്പോഴെങ്കിലും സാധ്യമായിട്ടുള്ളത്. അടുത്തിടെ മലയാളത്തിൽ റിലീസ് ചെയ്ത ജയ ജയ ജയ ഹേ ‘ പോലെ സിനിമകൾ അതിന് ഉദാഹരണമാണ്. തെലുഗിലേക്ക് നോക്കിയാൽ അരുന്ധതി പോലെ അപ്പൂർവം ചിത്രങ്ങൾ കാണാം.
ബോളിവുഡിൽ സ്ത്രീ കഥാപാത്രങ്ങളെ മുന്നിൽ നിർത്തിയുള്ള കച്ചവട സിനിമകൾ ഇപ്പോൾ വലിയ ഒരു ട്രെൻഡായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രേക്ഷകർ സ്ത്രീ കഥാപാത്രങ്ങളുടെ ശക്തമായ പ്രാതിനിധ്യം ഉള്ള സിനിമകളെ പ്രശംസിക്കുകയാണ്. 15 കൊല്ലത്തിനുള്ളിൽ നിരവധി സിനിമകൾ ഈ വിഭാഗത്തിൽ പുറത്തിറങ്ങി.
ക്വീൻ (2013),പിങ്ക് (2016),തനു വെഡ്സ് മനു (2011),കഹാനി (2012),ഹൈവേ (2014),ഡിയർ സിന്ദഗി(2016), തപ്പഡ്(2020),ഗംഗുഭായ് കത്യാവാദി,തുടങ്ങിയവയെല്ലാം ഇന്ത്യൻ ബോക്സ് ഓഫീസിനു വുമൺ പവർ അറിയിച്ചുകൊടുത്തവയാണ്. 2024 ലും സാമ്പത്തിക വിജയം വരിച്ച ശക്തമായ സ്ത്രീ സാന്നിധ്യമുള്ള സിനിമകൾ ബോളിവുഡിൽ നിന്നും ഉണ്ടായി. കിരൺ റാവു സംവിധാനം ചെയ്ത ലാപ്‌ത ലേഡീസ് തീയേറ്ററുകളിൽ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും OTT യിൽ ചരിത്ര വിജയമായിരുന്നു.തുടർന്ന് സ്ത്രീ 2 ,ആർട്ടിക്കിൾ 370,ക്രൂ തുടങ്ങിയവ തിയേറ്ററുകളിൽ ഇരമ്പമുണ്ടാക്കി. സ്ത്രീ 2 മറികടന്നത് ഷാരൂഖ് ഖാന്റെ ജവാൻ,പത്താൻ തുടങ്ങിയ വമ്പൻ ചിത്രങ്ങളെയാണെന്നത് ശ്രദ്ധേയമാണ്. ഒരു സിനിമാറ്റിക് യൂണിവേഴ്സിലെ 4 ചിത്രങ്ങളുടെ തുടർച്ചയായി വന്നതാണെങ്കിലും ചിത്രത്തിലെ ശ്രദ്ധ കപൂറിന്റെ സാന്നിധ്യം സ്ത്രീ 2 വിന്റെ വിജയത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
വ്യത്യസ്തമായ വിഷയങ്ങൾ പ്രമേയമാക്കപ്പെടുമെങ്കിലും, സൗത്ത് ഇന്ത്യൻ സിനിമയിൽ സ്ത്രീപക്ഷ സിനിമകൾക്ക് വലിയ സാമ്പത്തിക വിജയമുണ്ടാക്കിയിട്ടില്ല. മഞ്ജു വാര്യർ, അനുഷ്ക ഷെട്ടി, നയൻതാര, സായ് പല്ലവി തുടങ്ങിയ പ്രമുഖ താരങ്ങൾ മികച്ച സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുണ്ടെങ്കിലും, അവയ്ക്ക് വിപണി പരിമിതികളുണ്ട്. അടുത്തിടെ ഉർവശിയും പാർവതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് നിരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും നേടിയ, ‘ഉള്ളൊഴുക്ക്’ തീയേറ്ററുകളിൽ അതാവർത്തിച്ചില്ല എന്നത് ഇതിനോട് ചേർത്തു വായിക്കേണ്ടതുണ്ട്.
സൗത്ത് ഇന്ത്യൻ സിനിമയിലെ പ്രേക്ഷകർ പുരുഷകഥാപാത്രങ്ങളുടെ ആക്ഷൻ, വീരത്വം, പൗരുഷാഘോഷം,വയലൻസ് തുടങ്ങിയ ബിംബങ്ങളിൽ വളരെയധികം അഭിരമിക്കുന്നുവെന്നതും ഇതിനൊരു കാരണമാണ്.
ബോളിവുഡിൽ പെൺതാരങ്ങൾക്ക് താരതമ്യേന വലിയ മാർക്കറ്റ് വാല്യൂ ഉണ്ട്. ഹിന്ദി ഭാഷയിൽ അഭിനയിക്കുന്നതിനാൽ രാജ്യത്തിന്റെ എല്ലാ മൂലയിലേക്കും അവർക്ക് എളുപ്പമായ ആക്സസും ഉണ്ട്. അവരിൽ പലരും ഹോളിവുഡിലും അവസരം ലഭിച്ചവർ ആണ് താനും. അതിനാൽ തന്നെ അവരുടെ ചിത്രങ്ങൾ പ്രേക്ഷകരിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നു. തെന്നിന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണ്.
സൗത്ത് ഇന്ത്യൻ സിനിമയിൽ ഇതിനു മാറ്റമുണ്ടാകുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. അടുത്തിടെ നയൻതാരയുടെ ‘കൊലമാവ് കോകില’ പോലുള്ള ചിത്രങ്ങൾ തിയേറ്ററുകളിൽ വലിയ വിജയമുണ്ടാക്കിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് സ്ത്രീ പ്രധാന്യമുള്ള സിനിമകൾക്ക് സൗത്ത് ഇന്ത്യൻ സിനിമയിലും അവസരങ്ങളുണ്ടെന്ന് തന്നെ ആണ്. മാത്രമല്ല സോഷ്യൽ മീഡിയയുടെ വളർച്ചയും വിവിധ തരം വിഷയങ്ങൾ പ്രതിപാദിപ്പിക്കാൻ OTT പ്ലാറ്റുഫോമുകൾ നടത്തുന്ന ശ്രമങ്ങളും ഒക്കെ പ്രേഷകരുടെ കാഴ്ചാപ്പാടുകളെയും പോസിറ്റീവ് ആയ വഴിയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കാം.