ഭൂമിത്തർക്കം; ബിഹാറിൽ 25 ഓളം ദളിത് വീടുകള്‍ കത്തിച്ചു
ബിഹാറിലെ നവാഡയിൽ 25 ഓളം വീടുകൾക്ക് തീയിട്ടു. ദളിത് വിഭാഗത്തിൽ പെട്ടവരുടെ വീടുകൾക്കാണ് തീയിട്ടത്. ഗ്രാമത്തിലെ രണ്ട് വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന ഭൂമി തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. ഇതിന് മുൻപും സംഘർഷം രൂക്ഷമായ സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ട് മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഗുണ്ടാസംഘമാണ് ദളിത് വിഭാഗക്കരുടെ വീട് ആക്രമിക്കുകയും, അഗ്നിക്കിരയാക്കുകയും ചെയ്തത്. തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമന സേനാ സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുളള ശ്രമം തുടർന്നു.
ഗ്രാമത്തിലെ ആളുകളെ മുഴുവൻ താത്ക്കാലിക സുരക്ഷാ മേഖലയിലേക്ക് മാറ്റിയിരിക്കുകയാണ്. അക്രമത്തിൻ്റെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവത്തിൽ നിതീഷ് സർക്കാരിനെ പ്രതിപക്ഷം കടന്നാക്രമിച്ചു. ബിജെപിയും സഖ്യകക്ഷികളും ദളിതരെയും ദരിദ്രരെയും അവഗണിക്കുകയാണെന്നാണ് ആരോപണം. പിന്നാലെ ബിജെപി നേതാവ് അരവിന്ദ് സിംഗ് പ്രതികരിച്ചിരുന്നു. സംസ്ഥാന സർക്കാർ വിഷയം ഗൗരവമായി കാണുന്നവെന്നും സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും അരവിന്ദ് സിംഗ് അറിയിച്ചു. ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അഅദ്ദേഹം ഉറപ്പ് നൽകി.