NationalTop News

തൊപ്പിയും പൈജാമയും അണിഞ്ഞ ഗണപതി വി​ഗ്രഹം, ‘ബജിറാവു മസ്താനി’ സിനിമയുടെ അനുകരണമെന്ന് സംഘാടകർ

Spread the love

ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണത്തെച്ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ വിശദീകരണവുമായി സംഘാടകർ. തൊപ്പിയും പൈജാമയും കുർത്തയും ​ഗണപതി വിഗ്രഹത്തിന് അണിയിച്ചതാണ് വിവാ​ദമായത്. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

വിമ‍ർശനങ്ങൾ ഉയർന്നതോടെ സംഘാടകർ വിശദീകരണവുമായി രംഗത്തെത്തി. ബജിറാവു മസ്താനി എന്ന ബോളിവുഡ് സിനിമയുടെ അനുകരണമാണ് ഉദ്ദേശിച്ചതെന്നായിരുന്നു സംഘാടകർ പറയുന്നത്. ബാജിറാവു മസ്താനിയിൽ നടൻ രൺവീർ സിംഗ് ധരിച്ച വസ്ത്രത്തിന്റെ അനുകരണമെന്ന പേരിൽ യംഗ് ലിയോസ് യൂത്ത് അസോസിയേഷൻ അംഗങ്ങളാണ് ഗണപതി വിഗ്രഹത്തിന് തൊപ്പിയും കു‍ർത്തയും നൽകി അണിയിച്ചൊരുക്കിയത്.

രൂപകൽപ്പന ചെയ്ത കലാകാരനുമായുള്ള ആശയക്കുഴപ്പമാണ് പ്രശ്നങ്ങൾക്ക് വഴിവച്ചതെന്നാണ് സംഘാടകർ പറയുന്നത്. വിഗ്രഹത്തിന്റെ ചിത്രങ്ങൾ ‘മുസ്ലിം ഗണപതി’ എന്നപേരിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതിഷേധം ശക്തമായത്.