അരിയില്‍ ഷുക്കൂര്‍ വധക്കേസ് : പി ജയരാജന്റെയും ടിവി രാജേഷിന്റെയും വിടുതല്‍ ഹര്‍ജി തള്ളി
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹര്‍ജി തള്ളിയത്. ഗൂഢാലോചനാ കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
പി ജയരാജനും ടിവി രാജേഷിനുമെതിരെ തെളിവുണ്ടെന്നും വിടുതല്‍ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി ഷുക്കൂറിന്റെ അമ്മ ആത്തിക്ക ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹര്‍ജിയിന്‍മേല്‍ തെളിവുകള്‍, സാക്ഷി മൊഴികള്‍ എന്നിവയെല്ലാം ഉണ്ടെന്ന് ഇതുപ്രകാരം സ്ഥാപിക്കാനായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിക്കളഞ്ഞത്.
അതേസമയം, നിയമ വിദഗ്ദരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പി ജയരാജന്‍ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. എറണാകുളം സിബിഐ കോടതിയില്‍ ഞാനും ടിവി രാജേഷും നല്‍കിയ വിടുതല്‍ ഹരജിയില്‍ യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് കേരള പോലീസ് ചാര്‍ജ്ജ് ചെയ്ത ഐപിസി 118ാം വകുപ്പ് നിലനില്‍ക്കില്ലെന്നും തുടര്‍ന്ന് വിചാരണ നേരിടണമെന്നും വിധി വന്നിരിക്കുന്ന സാഹചര്യത്തില്‍ നിയമ വിദഗ്ദരുമായി ആലോചിച്ച് തുടര്‍ന്നുള്ള നിയമ പോരാട്ടം തുടരും – പി ജയരാജന്‍ വ്യക്തമാക്കി.
മുസ്ലീംലീഗ് വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്.