NationalTop News

‘എന്റെ സഹോദരന്റെ വ്യക്തിപ്രഭാവവും ജനപിന്തുണയും പലരെയും അസ്വസ്ഥരാക്കുന്നു’; രാഹുലിന് പിന്തുണയുമായി സ്റ്റാലിന്‍.

Spread the love

രാഹുല്‍ ഗാന്ധിക്കെതിരെ ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് നടത്തിയ ഭീഷണിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. രാഹുല്‍ ഗാന്ധിക്ക് സംരക്ഷണം ഉറപ്പു വരുത്തണമെന്ന് അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സാമൂഹ്യമാധ്യമമായ എക്‌സില്‍ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

മുത്തശ്ശിയുടെ അതേ വിധിയാണ് രാഹുല്‍ ഗാന്ധിയേയും കാത്തിരിക്കുന്നതെന്ന ഒരു ബിജെപി നേതാവിന്റെ ഭീഷണിയും, അദ്ദേഹത്തിന്റെ നാവ് അരിയുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള ഷിന്ദേ സേനാ എംഎല്‍എയുടെ പരാമര്‍ശവും എന്നെ ഞെട്ടിച്ചു. എന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ വ്യക്തിപ്രഭാവവും വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണയും പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്, അതാണ് ഇത്തരം ഹീനമായ ഭീഷണികളിലേക്ക് നയിച്ചത്. പ്രതിപക്ഷ നേതാവിന് സംരക്ഷണം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തില്‍ ഇടപെടണം.നമ്മുടെ ജനാധിപത്യത്തില്‍ ഭയപ്പെടുത്തലിനും അക്രമത്തിനും സ്ഥാനമില്ലെന്ന് വീണ്ടും ഉറപ്പു വരുത്തുകയും വേണം – എംകെ സ്റ്റാലിന്‍ കുറിച്ചു.

അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരെ എന്‍ഡിഎ നേതാക്കള്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. ബിജെപി നേതാവ് തര്‍വിന്ദര്‍ സിങ്, ശിവസേന ഷിന്‍ഡെ വിഭാഗം എംഎല്‍എ സഞ്ജയ് ഗെയ്ക്വാദ്, കേന്ദ്ര മന്ത്രി രവ്‌നീത് സിങ് ബിട്ടു, ഉത്തര്‍പ്രദേശ് മന്ത്രി രഘുരാജ് സിങ് എന്നിവര്‍ക്ക് എതിരെയാണ് പരാതി.