Top NewsWorld

മൊബൈലിനെ പേടി, പേജറിലേക്ക് ഒതുങ്ങി; കൂട്ട പൊട്ടിത്തെറിയിൽ തകർന്നത് ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല

Spread the love

ലെബനോനിലെ സായുധ സേനാ വിഭാഗമായ ഹിസ്ബുള്ള ഉപയോഗിക്കുന്ന പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച സംഭവം ലോകരാഷ്ട്രങ്ങളെ പോലും അമ്പരപ്പിച്ചു. ലെബനോൻ രാജ്യത്ത് ഉടനീളം സായുധ സേനയായ ഹിസ്ബുള്ള ആശയ വിനിമയത്തിന് പ്രധാനമായും ഉപയോഗിക്കുന്ന പേജറുകളാണ് ഒരേസമയം പൊട്ടിത്തെറിച്ചത്. 2750 പേർക്ക് പരിക്കേറ്റ സംഭവത്തിൽ പലർക്കും മുഖത്തും കണ്ണിലുമാണ് പരിക്കേറ്റത്. മരണസംഖ്യ ഉയരുമെന്നും വിവരമുണ്ട്. ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. ഇസ്രായേലിൻ്റെ ആസൂത്രിത ആക്രമണത്തിനെതിരെ പ്രതികാരം ചെയ്യുമെന്നും ഹിസ്ബുള്ള പറഞ്ഞു.

ആക്രമണത്തിൽ ഹിസ്ബുള്ളയുടെ ഉന്നതരടക്കം കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മൊബൈൽ ഫോണുകൾ ഉപയോഗിച്ചാൽ ശത്രുവിന് ലൊക്കേഷൻ കണ്ടെത്തി ആക്രമിക്കാനാവുമെന്നതിനാലാണ് ഹിസ്ബുള്ള അംഗങ്ങൾ പേജറുകൾ ഉപയോഗിക്കുന്നത്. ലെബനോനിലാകെ പേജറുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ ശൃംഖലയാണ് ഇന്ന് തകർക്കപ്പെട്ടത്. മൊബൈൽ, സ്മാർട്ട് ഫോണുകൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാനാകും. ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങളെയും നിരീക്ഷണങ്ങളെയും ചെറുക്കുന്നതിനുവേണ്ടിയാണ് ഹിസ്ബുള്ള അംഗങ്ങൾ പേജർ ഉപയോഗിക്കുന്നത്.

ആസൂത്രിതമായ ആക്രമണമെന്നാണ് സംഭവത്തിൽ ഹിസ്ബുള്ളയുടെ പ്രതികരണം. ആരോപണങ്ങൾ പോലെ ആക്രമണത്തിന് പിന്നിൽ ഇസ്രയേലാണെങ്കിൽ ലോക ചരിത്രത്തിൽ തന്നെ പുതിയ ഒരു ആക്രമണ രീതിക്കാണ് വഴി തുറന്നിരിക്കുന്നത്. ഹിസ്ബുള്ള അടുത്തിടെ ഇറക്കുമതി ചെയ്ത ഏറ്റവും പുതിയ മോഡൽ പേജറാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് ഉറവിടങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് അടക്കമുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഈ പേജറുകളിൽ കൃത്രിമം കാണിച്ചിരിക്കാം എന്നാണ് നിഗമനം. പൊട്ടിത്തെറിയുടെ പിന്നിലുള്ള കൃത്യമായ കാരണം വ്യക്തമല്ല.

ഗാസയും ഹമാസും ഇറാനും ഹിസ്ബുള്ളയും ഒരു ചേരിയിലും ഇസ്രയേൽ മറു ചേരിയിലും നിൽക്കുമ്പോൾ മധ്യേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമോയെന്നാണ് ഇനി അറിയേണ്ടത്. അങ്ങിനെ പോയാൽ യുക്രൈൻ – റഷ്യ സംഘർഷത്തിനൊപ്പം ലോക സമ്പദ് വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുന്നതാവും അതും.