‘മോദി ഫന്റാസ്റ്റിക് ; അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും’; ഡോണള്‍ഡ് ട്രംപ്
അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡോണള്‍ഡ് ട്രംപ്. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലായിരിക്കും കൂടിക്കാഴ്ച. മിഷിഗണില്‍ നടന്ന തെരഞ്ഞെടുപ്പ് ക്യാംപെയ്നിന് ഇടയിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി മോദി ‘ഫന്റാസ്റ്റിക് ‘ ആണെന്നും മികച്ച മനുഷ്യന് ആണെന്നും പറഞ്ഞ ട്രംപ് അദ്ദേഹം അടുത്തയാഴ്ച തന്നെ കാണാന്‍ വരുന്നുണ്ടെന്നും വ്യക്തമാക്കി.
അതേസമയം വ്യാപാര ബന്ധങ്ങള്‍ വളരെയധികം ദുരുപയോഗം ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്ന് ട്രംപ് വിമര്‍ശിച്ചിട്ടുണ്ട്. ഇറക്കുമതിക്ക് ഇന്ത്യ കനത്ത ചുങ്കം ചുമത്തുന്നുവെന്ന് ഊന്നിപ്പറഞ്ഞു കൊണ്ടാണ് ആരോപണം.
സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയുള്ള തിയതികളിലാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം. നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്. 23 വരെ യുഎസില്‍ തങ്ങുന്ന അദ്ദേഹം ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ ഒരു പരിപാടിയിലും സംസാരിക്കും. ഡെലാവെയറിലെ വില്‍മിങ്ടണിലാണ് ക്വാഡ് ഉച്ചകോടി. ഇന്ത്യ, യുഎസ്, ജപ്പാന്, ഓസ്ട്രേലിയ എന്നീ നാലു രാജ്യങ്ങളടങ്ങിയ കൂട്ടായ്മയാണ് ക്വാഡ്.
സെപ്റ്റംബര്‍ 23ന് പ്രധാനമന്ത്രി മോദി ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ ‘ഭാവിയുടെ ഉച്ചകോടി’ എന്ന പരിപാടിയില്‍ വിവിധ ലോക നേതാക്കള്‍ക്കൊപ്പം സംസാരിക്കും. ഉച്ചകോടി വേദിയില്‍, മോദി നിരവധി ലോകനേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും.