ഇസ്ലാമിക തീവ്രവാദത്തിന് സിപിഐഎമ്മും കോണ്‍ഗ്രസും വളംവച്ചുകൊടുത്തു’; പി ജയരാജന്റെ ഭീകരവാദ റിക്രൂട്ട്മെന്റ് പരാമര്‍ശത്തെ പിന്തുണച്ച് കത്തോലിക്ക സഭ
സിപിഎം നേതാവ് പി ജയരാജന്റെ പൊളിറ്റിക്കല്‍ ഇസ്ലാം – ഭീകരവാദ റിക്രൂട്ട്മെന്റ് പരാമര്‍ശത്തെ പിന്തുണച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക. പി ജയരാജന് കണ്ട രാഷ്ട്രീയ ഇസ്ലാമിനെ സിപിഐഎം കാണാന്‍ ഇടയില്ല എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. പോപുലര്‍ ഫ്രണ്ട് നിരോധനമടക്കം കേന്ദ്ര സര്‍ക്കാര്‍ നടപടികളെ മുഖപ്രസംഗത്തില്‍ പുകഴ്ത്തുന്നുമുണ്ട്.
പി ജയരാജന്റെ ഒരു കണ്ടെത്തലും പുതിയതല്ലെന്ന് കത്തോലിക്ക സഭ മുഖപ്രസംഗത്തില്‍ പറയുന്നു. ഇസ്ലാമിക തീവ്രവാദത്തിനു സിപിഎമ്മും കോണ്‍ഗ്രസും ഒരുപോലെ വളംവച്ചുകൊടുക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ജയരാജന്റെ തുറന്നുപറച്ചിലിനു പ്രസക്തിയുണ്ടെന്ന് ദീപിക തുറന്നെഴുതുന്നു. ഇസ്ലാമിക തീവ്രവാദത്തിനെതിരെ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും നിലപാടുകള്‍ നവീകരിച്ചില്ല. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയതയ്ക്ക് വളരാന്‍ സഹായമായി. ഇസ്ലാമോഫോബിയ എന്ന വാക്ക് പൂര്‍ണമായും തള്ളിക്കളയാനാവില്ലെങ്കിലും അതിലൂടെ വളര്‍ന്നുപന്തലിച്ചത് പൊളിറ്റിക്കല്‍ ഇസ്ലാം ആണ്. തീവ്രവാദത്തോട് മതേതര പാര്‍ട്ടികള്‍ കണ്ണടച്ച് ഇരുട്ടാക്കിയെന്നും ദീപിക കുറ്റപ്പെടുത്തുന്നു.
അതേസമയം പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും കൊടുത്തല്ല ഭീകരപ്രസ്ഥാനങ്ങളെ നേരിടേണ്ടതെന്ന ബിജെപി നിലപാടിനു സ്വീകാര്യത വര്‍ധിക്കുകയാണെന്ന് കത്തോലിക്ക സഭ മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. പതിറ്റാണ്ടുകള്‍ ഭരിച്ചിട്ടും തീവ്രവാദത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനും സി പി ഐ എമ്മിനും കഴിഞ്ഞില്ല. ഇസ്ലാമിനെ മാത്രം അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ചാണ് ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ആഗോള ഭീകര സംഘടനകളും പറയുന്നത്. ഇക്കാര്യം കോണ്‍ഗ്രസിനും സി പി എമ്മിനും എന്നാണു മനസിലാകുക എന്നും ദീപിക മുഖ പ്രസംഗം ചോദിക്കുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ പക്ഷപാതപരമായാണ് രാഷ്ട്രീയ റിപ്പോര്‍ട്ടിംഗും വിശകലനങ്ങളും നിരീക്ഷണങ്ങളും നടത്തുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നുണ്ട്.