ഗണപതി പൂജ നടത്തിയതില്‍ കോണ്‍ഗ്രസിന് അസ്വസ്ഥത’; ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ പൂജയില്‍ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ ഗണേശ പൂജയില്‍ പങ്കെടുത്തതില്‍ പ്രതികരണവുമായി പ്രധാനമന്ത്രി. തന്റെ ഗണേശ പൂജ കോണ്‍ഗ്രസിനെയും കൂടിയാളികളെയും അസ്വസ്ഥരാക്കിയെന്നും അധികാരി മോഹികളെയാണ് ഗണേശ പൂജ പ്രശ്നത്തില്‍ ആക്കുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. ഭുവനേശ്വറില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗണേശോത്സവം നമ്മുടെ രാജ്യത്തിന് കേവലം വിശ്വാസത്തിന്റെ ഉത്സവം മാത്രമല്ലെന്നും സ്വാതന്ത്ര്യ സമരത്തില്‍ അത് വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചുവെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തില്‍ ഭിന്നത വിതച്ച് ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിക്കാനും ഭരിക്കാനും ശ്രമിക്കുമ്പോള്‍ ഗണേഷ് ഉത്സവം ഐക്യത്തിനുള്ള ഒരു വേദിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം പിന്തുടര്ന്നിരുന്ന ബ്രിട്ടീഷുകാരും ഗണേശോത്സവത്ത വെറുത്തിരുന്നു. അധികാരത്തില്‍ ആര്‍ത്തി പൂണ്ട, സമൂഹത്തെ വിഭജിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന ആളുകള്‍ ഇന്ന് ഗണേശപൂജയെ വെറുക്കുന്നു – പ്രധാനമന്ത്രി വ്യക്തമാക്കി.