ചൂരൽമല ദുരന്തം തിരിച്ചടിയായി; വയനാട് ടൂറിസം വീണ്ടെടുക്കാൻ ശ്രമം’; മന്ത്രി മുഹമ്മദ് റിയാസ്
വയനാട് ടൂറിസം മേഖലയെ കൈപിടിച്ച് ഉയർത്താൻ ശ്രമം നടക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചൂരൽമല ദുരന്തം ടൂറിസം മേഖലയെ വലിയ നിലയിൽ ബാധിച്ചെന്ന് മന്ത്രി പറഞ്ഞു. ചൂരൽമല ദുരന്തത്തിന് പകരം വയനാട് ദുരന്തം എന്ന് പ്രചരിപ്പിച്ചതാണ് ടൂറിസം മേഖലയെ ബാധിച്ചതെന്നും വയനാട്ടിൽ മുഴുവൻ പ്രശ്‌നമായെന്ന തരത്തിലാണ് എല്ലാവരും എടുത്തതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
വയനാട് സുരക്ഷിതമാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ‘എന്റെ കേരളം എന്നും സുന്ദരം’ എന്ന ക്യാമ്പയിൻ സർക്കാർ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് ക്യാമ്പയിൻ. നാല് മാസങ്ങളിൽ വലിയ നിലയിൽ ക്യാമ്പയിൻ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സോഷ്യൽ മീഡിയ ഇൻഫ്‌ളൂവേഴ്‌സിനെ വയനാട്ടിൽ എത്തയിട്ടുണ്ട്. വയനാട് ടൂറിസത്തിന് കുഴപ്പമില്ലെന്ന് പ്രചരിപ്പിക്കാൻ ഇവർ വഴി പ്രചരണം നടത്തും. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങൡ വയനാട് ടൂറിസത്തിനെ സംബന്ധിച്ച് പ്രചരണം നടത്താൻ തീരുമാനിച്ചു. ക്യാമ്പയിന്റെ ഭാഗമായി സഞ്ചാരികളുടെ എണ്ണം വർധിച്ചുവരുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇന്നത്തെ ദിവസം നിർണായകമാണെന്നും പിന്തുണയുമായി സോഷ്യൽ മീഡിയ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.