തിരുവനന്തപുരം നഗരത്തിൽ വൻ സൈബർ തട്ടിപ്പ്; നഷ്ടമായത് നാലു കോടിയിലധികം രൂപ
തിരുവനന്തപുരം നഗരത്തിൽ വൻ സൈബർ തട്ടിപ്പ്. സെപ്റ്റംബർ മാസത്തിൽ ഇതുവരെ നഷ്ടമായത് നാലു കോടിയിലധികം രൂപയാണ്. ആറ് എഫ്ഐആറുകളാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് രജിസ്റ്റർ ചെയ്തത്. തട്ടിപ്പിൽ ഭൂരിഭാഗവും ഓൺലൈൻ ട്രേഡിങ് വാഗ്ദാനം നൽകിയാണ്.
വാട്ട്സ്ആപ്പ് ടെലിഗ്രാം അപ്ലിക്കേഷനുകൾ വഴിയാണ് ആളുകളെ തട്ടിപ്പ് സംഘം സമീപിക്കുന്നത്. തട്ടിപ്പിനിരയായത് ഉന്നത വിദ്യാഭ്യാസം ഉള്ളവർ. തട്ടിപ്പ് സംഘം പണം വാങ്ങിയത് പല അക്കൗണ്ടുകളിലായാണ്. മറ്റ് പോലീസ് ജില്ലകളിലും സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് ദിവസവും രജിസ്റ്റർ ചെയ്യുന്നത് നിരവധി എഫ്ഐആറുകൾ. നടപടി സ്വീകരിക്കുമ്പോഴും തട്ടിപ്പ് സംഘം മുതലെടുക്കുന്നത് ആളുകളുടെ പണത്തോടുള്ള ആർത്തിയെന്ന് പോലീസ് പറയുന്നു.
സംസ്ഥാനത്ത് ഉന്നതരെയും തട്ടിപ്പ് ലക്ഷ്യം വെക്കുന്നതായാണ് പോലീസ് റിപ്പോർട്ട്. അതേസമയം ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൊബൈൽ ഫോൺ സർവീസ് ദാതാക്കളുടെ കസ്റ്റമർ കെയർ സെന്ററിൽ നിന്നെന്ന വ്യാജേന ബന്ധപ്പെടുന്ന തട്ടിപ്പുകാർ നിലവിലുള്ള സിം കാർഡ്, ഇ-സിം സംവിധാനത്തിലേക്ക് മാറാൻ നിർദേശം നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. ഇ-സിം ആക്ടിവേറ്റ് ചെയ്യുന്നതോടെ സിം കാർഡിൻ്റെ പൂർണ നിയന്ത്രണം തട്ടിപ്പുകാരിലേക്കാകും. ഇ സിം തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നിർദേശം.