തിരുവനന്തപുരം ആനാവൂരിൽ മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി
തിരുവനന്തപുരം നെയ്യാറ്റിൻകര ആനാവൂരിൽ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി.ആലത്തൂർ സ്വദേശി ഷൈലനാണ് മണ്ണിനടിയിൽ കുടുങ്ങിയത്. ഇന്ന് രാവിലെയാണ് ആനാവൂരിൽ പറമ്പിടിഞ്ഞ് മണ്ണ് തൊഴിലാളിയുടെ മേൽ വീണ് അപകടമുണ്ടായത്. മണ്ണു മാറ്റുന്ന പ്രവർത്തിയിലേർപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്.
ജോലിക്കായി പ്രദേശത്ത് ഹിറ്റാച്ചി എത്തിച്ചിരുന്നു. ഹിറ്റാച്ചി കൊണ്ട് ജോലി പുരോഗമിക്കുന്നതിനിടയിൽ മണ്ണ് മാറ്റിയ കുഴിയിൽ അകപ്പെടുകയായിരുന്നു ഷൈലൻ. ഹിറ്റാച്ചി ഡ്രൈവർ അപകടം കണ്ട് ആളുകളെ വിളിച്ചു കൂട്ടുകയും പിന്നെ രക്ഷിക്കാനുള്ള ശ്രമമായി. ഫയർഫോഴ്സ് സംഘം സംഭവ സ്ഥലത്തെത്തി. ആദ്യ ഘട്ടത്തിൽ ശരീരത്തിലെ മണ്ണ് നീക്കം ചെയ്‌തെങ്കിലും ഷൈലൻ്റെ കാലിൻ്റെ ഭാഗം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.45 മിനിറ്റ് നീണ്ട നിന്ന പ്രയത്നത്തിനൊടുവിൽ അരയോളം മണ്ണിൽ പുതഞ്ഞ ഷൈലനെ രക്ഷപ്പെടുത്തി.
ഷൈലന്റെ വാരിയെല്ലിന് പൊട്ടലും കൈകാലുകളിൽ മുറിവുകളും ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ടുമുണ്ട്. ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരുടെ നിർദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ എന്നിവരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഷൈലനെ രക്ഷിക്കാനായത്.