വൻകിട കമ്പനികൾക്ക് വേണ്ടിയാണ് ഇ -ടിക്കറ്റ് ബുക്കിങ്ങിൽ അട്ടിമറി നടത്തിയത്, അന്വേഷണം വേണം; സംവിധായകൻ വിനയൻ
ഉണ്ണി ശിവപാലിൻറെ ആരോപണം ശരിവെച്ച് സംവിധായകൻ വിനയൻ. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് പുറമേ മറ്റ് ചിലരും ഇ – ടിക്കറ്റിങ് അട്ടിമറിക്ക് കൂട്ടുനിന്നുവെന്നും ഉണ്ണികൃഷ്ണന്റെ ഇടപെടലിനെ കുറിച്ച് ഉണ്ണി ശിവപാൽ തന്നോട് നേരത്തെ പറഞ്ഞിരുന്നുവെന്നും വിനയൻ വിശദമാക്കി.
അട്ടിമറിക്ക് പിന്നിൽ ആരൊക്കെയാണെന്ന് അന്വേഷിക്കണം. വൻകിട കമ്പനികൾക്ക് വേണ്ടിയാണ് അട്ടിമറി നടത്തിയത്, സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയതെന്നും ജനങ്ങൾക്ക് ഒരു ടിക്കറ്റിൽ വലിയ തുകയുടെ കുറവ് ഉണ്ടാകുമായിരുന്നു. എന്തു വൃത്തികേട് കാണിക്കാനും സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നയാളാണ് ബി ഉണ്ണികൃഷ്ണനെന്നും വിനയൻ കുറ്റപ്പെടുത്തി.
സിനിമ മേഖലയിലെ ബദൽ സംഘടനയെ സ്വാഗതം ചെയ്ത് കൂടുതൽ പേർ രംഗത്ത് എത്തി. നിഷ്‌പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സംഘടന നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനകളെ ഹൈജാക്ക് ചെയ്ത് നേതാക്കൾ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കുന്ന അവസ്ഥ മാറണമെന്നും സംവിധായകനെന്ന നിലയിൽ പുതിയ സംഘടനയിൽ ചേരുന്ന കാര്യം ആലോചിക്കുമെന്നും വിനയൻ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗിക അതിക്രമം ആരോപണങ്ങളിൽ സിനിമാ സംഘടനകൾക്കിടയിൽ ചർച്ചകൾ ഉയരുന്നതിനിടെയാണ് ബദൽ സംഘടന രൂപീകരിക്കാൻ ആഷിഖ് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി ഉൾപ്പെടെയുള്ളവർ നീക്കം തുടങ്ങിയത്. പുതിയ സംഘടനയെന്ന ആശയം മറ്റ് സംഘടനകൾക്കിടയിലും ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
അതേസമയം, പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ ഉയർത്തുന്ന ആശയങ്ങളോട് യോജിപ്പ് ഉണ്ടെങ്കിലും, ബദൽ സംഘടനയുടെ ഭാഗമാകില്ലെന്ന് നിർമാതാവ് സാന്ദ്ര തോമസ് വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾക്കെതിരെ ശക്തമായി നിലപാട് സ്വീകരിച്ചവർ തലപ്പത്തെത്തുന്ന കൂട്ടായ്മയിലേക്ക് കൂടുതൽ പേർ പങ്കാളികളാകുമെന്നാണ് ആഷിക് അബു ഉൾപ്പെടെയുള്ളവരുടെ പ്രതീക്ഷ.