രാജിക്കത്ത് കൈമാറി കെജ്രിവാള്‍; ഡല്‍ഹി സര്‍ക്കാരിനെ ഇനി അതിഷി നയിക്കും
അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയെ കണ്ടാണ് കെജ്രിവാള്‍ രാജിക്കത്ത് കൈമാറിയത്. അതിഷിയെയാണ് ആം ആദ്മി പാര്‍ട്ടി പുതിയ ഡല്‍ഹി മുഖ്യമന്ത്രിയായി നിശ്ചയിച്ചത്. നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കെജ്രിവാള്‍ രാജി സമര്‍പ്പിക്കാന്‍ രാജ്ഭവനിലെത്തിയത്.
കെജ്രിവാള്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചതായി മുതിര്‍ന്ന എഎപി നേതാവ് ഗോപാല്‍ റായ് മാധ്യമങ്ങളെ അറിയിച്ചു. എത്രയും വേഗം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവാദം നല്‍കുന്നതിനുള്ള അപേക്ഷ അതിഷി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഡല്‍ഹിയെ സംബന്ധിച്ച് കെജ്രിവാള്‍ രാജി വയ്ക്കുന്നത് അതീവ ദുഃഖകരമായ കാര്യമാണെന്നും എഎപി സര്‍ക്കാരിന്റെ നല്ല ഭരണം തുടര്‍ന്നുപോകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഗവര്‍ണറുടെ വസിതിയ്ക്ക് മുന്നില്‍ വച്ച് അതിഷി മാധ്യമങ്ങളോട് പ്രതികരിച്ചു. ജനവിധി തേടും അദ്ദേഹം ഉടന്‍ മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്നും അതിഷി വ്യക്തമാക്കി.
അഴിമതിക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന കെജ്രിവാള്‍ തന്റെ ചുമതകള്‍ ഏല്‍പ്പിച്ചത് അതിഷിയെ ആയിരുന്നു. മന്ത്രിസഭയെ നയിച്ചത് വിദ്യാഭ്യാസ മന്ത്രിയായ അതിഷിയായിരുന്നു. വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലവിഭവം തുടങ്ങി സുപ്രധാനമായ പത്തോളം വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായി, കൈലാഷ് ഗെലോട്ട് എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച ശേഷം പുറത്തിറങ്ങിയാണ് കെജ്രിവാള്‍ 48 മണിക്കൂറിനുള്ളില്‍ രാജിവക്കുമെന്ന് പ്രഖ്യാപിച്ചത്. ഇനി അഗ്നിപരീക്ഷ ജയിച്ച് തിരികെ വരുമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.