KeralaTop News

കണ്ണൂർ ജനശതാബ്ദിക്ക് പുതിയ കോച്ചുകൾ; വരുന്നത് ജർമൻ സാങ്കേതിക വിദ്യയിലുണ്ടാകുന്ന സ്റ്റെയിൻലസ് സ്റ്റീൽ കോച്ചുകൾ

Spread the love

ഓണസമ്മാനമായി കണ്ണൂർ ജനശതാബ്ദിക്കു പുതിയ കോച്ചുകൾ. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് റെയില്‍വേ എല്‍എച്ച്ബി (ലിങ്ക് ഫോഫ്മാന്‍ ബുഷ്) കോച്ചുകളാണ് അനുവദിച്ചത്. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍ കോച്ചുകളാണ് ജനശതാബ്ദി എക്സ്പ്രസിന് അനുവദിച്ചത്. തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസില്‍ ഈ മാസം 29 മുതലും, കണ്ണൂരില്‍ നിന്നുള്ള സര്‍വീസില്‍ 30 മുതലും പുതിയ കോച്ചുകളുണ്ടാകുമെന്ന് അറിയിപ്പുണ്ട്‌. ജനശതാബ്ദിയിലെ പഴയ കോച്ചുകൾ മാറ്റണമെന്ന യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യത്തിനാണ് ഇതിലൂടെ പരിഹാരം ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി, എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എന്നിവയുടെ കോച്ചുകള്‍ മാറുന്നതും നിലവിൽ പരിഗണനയിലുണ്ട്. മലബാര്‍, മാവേലി, പരശുറാം തുടങ്ങിയ ട്രെയിനുകള്‍ക്കു പുതിയ കോച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യവും ഏറെനാളായി ഉയർന്നുവന്നിരുന്നു.

അതേസമയം, രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി പേര് മാറ്റി. നമോ ഭാരത് റാപിഡ് റെയില്‍ എന്ന പേരിലാകും വന്ദേ മെട്രോ ഇനി അറിയപ്പെടുക. ഗുജറാത്തിലെ ഭുജില്‍ നിന്ന് അഹമ്മദാബാദിലേക്ക് ഇതിന്റെ ആദ്യ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കെയാണ് പേര് മാറ്റം. ആറ് വന്ദേഭാരത് സര്‍വീസുകള്‍ക്ക് കൂടി പ്രധാനമന്ത്രി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നുണ്ട്.

455 രൂപയാണ് അഹമ്മദാബാദിനും ഭുജിനും ഇടയിലുള്ള ടിക്കറ്റ് നിരക്ക്. അത്യാധുനിക സൗകര്യങ്ങളുള്ള പൂര്‍ണ്ണമായും ശീതീകരിച്ച ട്രെയിനാണിത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. 1,150 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന 12 കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന നമോ ഭാരത് റാപിഡില്‍ റിസര്‍വേഷന്റെ ആവശ്യമില്ല. മിനിമം 30 രൂപയാണ് ടിക്കറ്റ് നിരക്ക്.