KeralaTop News

കൊല്ലത്ത് യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കിയ സംഭവം: കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറേയും കേസില്‍ പ്രതിചേര്‍ത്തു

Spread the love

കൊല്ലത്ത് കാര്‍ ഇടിച്ച് റോഡില്‍ വീണ യുവതിയുടെ ശരീരത്തിലൂടെ തന്നെ വാഹനമെടുത്ത് മുന്നോട്ടുപോയി രക്ഷപ്പെട്ട കേസില്‍ കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറേയും പ്രതിചേര്‍ത്തു. ഡോക്ടര്‍ ശ്രീക്കുട്ടിയെയാണ് പ്രതി ചേര്‍ത്തത്. ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തുക. അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയിട്ടും ഡോ ശ്രീക്കുട്ടി പ്രാഥമിക ശുശ്രൂഷ നല്‍കിയില്ല എന്നതുള്‍പ്പെടെ പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടും. വാഹനം ഓടിച്ചിപരുന്ന അജ്മലിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ മനപൂര്‍വമായ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അപകടമുണ്ടാക്കിയ വാഹനത്തിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കി

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുമുണ്ട്. കൊല്ലം ജില്ലാ പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. അപകടമുണ്ടാക്കിയ ശേഷം കടന്നു കളത്ത കാറിലുണ്ടായിരുന്നത് , ചെയ്യുന്ന തെറ്റിന്റെ ഗൗരവം നന്നായി മനസിലാവുന്ന ഒരു വനിതാ ഡോക്ടറാണെന്ന റിപ്പോര്‍ട്ടുകള്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് വി.കെ. ബിനാകുമാരി പറഞ്ഞു.

കാര്‍ ഇടിച്ച് റോഡില്‍ വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കി അജ്മലും സുഹൃത്തായ വനിത ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയ കരുനാഗപ്പള്ളി വല്യയത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. കാറും കാറില്‍ ഉണ്ടായിരുന്ന വനിത ഡോക്ടറെയും പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

ഇന്ന് പുലര്‍ച്ചയോടെയാണ് മൈനാഗപ്പള്ളി സ്വദേശി അജ്മല്‍ പിടിയിലായത്. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തെത്തിയിരുന്നു. കാറിടിച്ച് സ്‌കൂട്ടര്‍ യാത്രിക വീണപ്പോള്‍ രക്ഷപ്പെടുത്താന്‍ തുനിയാതെ അജ്മല്‍ കാര്‍ യുവതിയുടെ ശരീരത്തിലൂടെ മുന്നോട്ടെടുത്തു. അപകടം കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ അവിടേക്ക് ശ്രദ്ധിക്കുകയും പാഞ്ഞെത്തുകയും ചെയ്തു. വാഹനം മുന്നോട്ടെടുക്കരുത് നിര്‍ത്തൂ എന്ന് നാട്ടുകാര്‍ വിളിച്ചുപറഞ്ഞെങ്കിലും നാട്ടുകാരെ കടന്ന് അവരുടെ കൈയില്‍ പെടാതെ ഡ്രൈവര്‍ അതിവേഗം കാര്‍ മുന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.