KeralaTop News

‘ദുരന്തത്തെ അഴിമതി നടത്താനുള്ള അവസരം ആക്കി മാറ്റുന്ന പതിവ് പിണറായി സർക്കാർ ഇക്കുറിയും തെറ്റിച്ചില്ല’: കെ സുരേന്ദ്രൻ

Spread the love

ദുരന്തത്തെ അഴിമതി നടത്താനുള്ള അവസരം ആക്കി മാറ്റുന്ന പതിവ് ഇക്കുറിയും പിണറായി സർക്കാർ തെറ്റിച്ചില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എല്ലാവരും കൈമെയ് മറന്ന് ദുരന്ത ഭൂമിയിൽ ദുരന്തബാധിതരെ സഹായിച്ചപ്പോൾ എങ്ങനെയൊക്കെ പണം അടിച്ചുമാറ്റാം എന്നായിരുന്നു സർക്കാർ ചിന്തിച്ചത് എന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായി കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇതുപോലെ മനുഷ്യത്വരഹിതമായ ഒരു സർക്കാരും കേരളം ഭരിച്ചിട്ടില്ല. നാണമുണ്ടെങ്കിൽ പിണറായി വിജയൻ രാജിവച്ചു പോകണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ഒരു രൂപ പോലും വാങ്ങിക്കാതെ കയ്യും മെയ്യും മറന്നു കേരളത്തിലെ സന്നദ്ധ പ്രവർത്തകർ പ്രവർത്തിച്ചിടത്താണ് സർക്കാരിന്റെ കൊള്ള. മറ്റു സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ വയനാട്ടിന് കൈത്താങ്ങായി സാമ്പത്തിക സഹായങ്ങൾ നൽകിയപ്പോൾ പിണറായി സർക്കാർ ദുരന്തത്തെ പോലും മുതലെടുത്ത് അഴിമതി നടത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം വയനാട് ദുരന്തത്തില്‍ സര്‍ക്കാര്‍ ചെലവാക്കിയ തുക സംബന്ധിച്ച് പുറത്തുവന്ന കണക്ക് തെറ്റെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ചെലവഴിച്ച തുകയുടെ കണക്കല്ല മാധ്യമങ്ങളില്‍ വന്നിരിക്കുന്നത്. കേന്ദ്രത്തിന് തയ്യാറാക്കി നൽകിയ, പ്രതീക്ഷിക്കുന്ന ചെലവുകളുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചെലവഴിച്ച തുക സംബന്ധിച്ച കൃത്യമായ കണക്കുകള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം പുറത്തുവിടുമെന്നും എല്ലാം സംശയങ്ങളും ദുരീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈകാതെ വാര്‍ത്താ സമ്മേളനത്തില്‍ കണക്ക് പുറത്തുവിടുമെന്നും മന്ത്രി പ്രതികരിച്ചു.