യുവ ഡോക്ടറുടെ ബലാത്സംഗക്കൊല: ‘ആദ്യഘട്ടം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നു’; റസിഡന്റ് ഡോക്ടേഴ്സ്
കൊൽക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ ആദ്യഘട്ടം മുതൽ കേസ് അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് റസിഡന്റ് ഡോക്ടേഴ്സ്. നിലവിലുള്ള വ്യവസ്ഥയെ വിശ്വാസമില്ല. പോലീസിലെ ഉന്നതർക്ക് അടക്കം അട്ടിമറി ശ്രമത്തിൽ പങ്കുണ്ടെന്ന് റസിഡന്റ് ഡോക്ടേഴ്സ് ആരോപിച്ചു.
സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് സീനിയർ ഡോക്ടർമാരുടെ സംയുക്ത പ്ലാറ്റ്ഫോം രംഗത്തെത്തി. സർക്കാർ ചർച്ചക്ക് വിളിക്കുമ്പോൾ ലൈവ് സ്ട്രീമിങ്ങിന് തയ്യാറാകണം. നേരത്തെ ചർച്ചകൾ നടന്നിട്ട് ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് ഡോക്ടർമാർ. പ്രതിഷേധ സ്ഥലത്ത് എത്തിയ മുഖ്യമന്ത്രി സമരക്കാരെ കേൾക്കാൻ തയ്യാറായില്ല, തനിക്ക് പറയാനുള്ളത് പറഞ്ഞ് മടങ്ങുകയായിരുന്നുവെന്ന് വിമർശനം.
ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് പശ്ചിമ ബംഗാളിൽ ഉയർന്നത്. കഴിഞ്ഞമാസം 9നാണ് യുവഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ.