റേഷന്‍ കാര്‍ഡ് മാസ്റ്ററിങ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം; ഇല്ലെങ്കില്‍ അരിവിതരണം നിര്‍ത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് മാസ്റ്ററിങ് ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം. ഇല്ലെങ്കില്‍ സംസ്ഥാനത്തിനുള്ള അരിവിതരണം നിര്‍ത്തിവയ്ക്കുമെന്നും കേന്ദ്രം അറിയിച്ചു. ഒന്നര മാസത്തിനകം റേഷന്‍ കാര്‍ഡ് മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. ഒക്ടോബര്‍ 10 നു മുന്‍പ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
മസ്റ്ററിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കേരളത്തിന് അരി നല്‍കില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനം. റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നടത്താന്‍ ഭക്ഷ്യവകുപ്പ് നേരത്തെ തീരുമാനിച്ചെങ്കിലും സര്‍വര്‍ തകരാര്‍ മൂലം നിര്‍ത്തിവയ്ക്കുകയായിരുന്നു. റേഷന്‍ വിതരണവും മസ്റ്ററിങ്ങും ഇ പോസ് മെഷീനിലൂടെ ഒരേസമയം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മസ്റ്ററിങ് പ്രക്രിയ റേഷന്‍ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെയാണ് മാസ്റ്ററിങ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഒക്ടോബര്‍ 31നകം മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് കാട്ടി കേന്ദ്രം സംസ്ഥാനത്തിന് കത്ത് നല്‍കി. റേഷന്‍ കാര്‍ഡില്‍ പേര് ഉള്ളവരെല്ലാം മസ്റ്ററിങ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അരിവിഹിതം നല്‍കില്ലെന്ന് കേന്ദ്രം അയച്ച കത്തില്‍ സര്‍ക്കാരിനെ അറിയിച്ചു. റേഷന്‍ വിതരണം മുടങ്ങില്ല എന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ ഉറപ്പ് നല്‍കി.
മറ്റന്നാള്‍ മുതല്‍ മസ്റ്ററിങ് നടത്താനാണ് പൊതുവിതരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.ഓണം കഴിഞ്ഞുള്ള സമയമായതിനാല്‍ കൂടുതല്‍ ആളുകള്‍ റേഷന്‍ കടകളിലേക്ക് വരില്ലെന്ന് വകുപ്പ് കണക്കുകൂട്ടുന്നു. ഇത് കണക്കിലെടുത്താണ് മസ്റ്ററിങ്. ജില്ലകളെ മൂന്നായി തരംതിരിച്ച് പ്രത്യേക തീയതികളില്‍ ആയിരിക്കും മസ്റ്ററിങ്.റേഷന്‍ കടകള്‍ക്ക് പുറമേ അംഗനവാടികള്‍, സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സൗകര്യം ഒരുക്കിയായിരിക്കും മസ്റ്ററിങ്. റേഷന്‍ വിതരണവും മസ്റ്ററിങ്ങും ഒരുമിച്ച് നടത്തിയാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 18 മുതല്‍ 24 വരെ തിരുവനന്തപുരം ജില്ലയില്‍ മസ്റ്ററിംഗ് നടക്കും. കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളില്‍ 25 മുതല്‍ ഒക്ടോബര്‍ ഒന്നു വരെയും ഒക്ടോബര്‍ 3 മുതല്‍ 8 വരെ ബാക്കി ജില്ലകളിലും നടക്കും.