ട്രംപും കമലയും, രണ്ടുപേരും ജീവിതത്തിന് എതിരായവര്‍, ഏത് തിന്മ വേണമെന്ന് അമേരിക്കക്കാര്‍ തീരുമാനിക്കട്ടെ: മാര്‍പ്പാപ്പ
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളും കമലയുടെ ഗര്‍ഭഛിദ്ര വിഷയത്തിലെ നിലപാടും ചൂണ്ടിക്കാട്ടി രൂക്ഷവിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികളും ജീവിതത്തിന് എതിരായവരാണെന്ന് മാര്‍പ്പാപ്പ പറഞ്ഞു. ശിശുക്കളെ കൊലപ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നയാളും കുടിയേറ്റക്കാരെ കൈയൊഴിയുന്നയാളുമാണ് മത്സരിക്കുന്നതെന്ന് മാര്‍പ്പാപ്പ പ്രതികരിച്ചു. 12 ദിന ഏഷ്യാ സന്ദര്‍ശനം കഴിഞ്ഞ് റോമിലേക്ക് മടങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ അമേരിക്കനുമല്ല. എനിക്കവിടെ വോട്ടുചെയ്യാനുമാകില്ല. എന്നാലും ഒരു കാര്യം ഉറപ്പിച്ചുപറയാം. കുടിയേറ്റക്കാരെ കയറ്റാതിരിക്കുകയും അവര്‍ക്ക് ജോലി കൊടുക്കാതിരിക്കുകയും ചെയ്യുന്നത് പാപമാണ്. അത് ഗുരുതരമായ പാപമാണ്. മാര്‍പ്പാപ്പ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ പിടികൂടി നാടുകടത്തുമെന്ന് നവംബറില്‍ ട്രംപ് പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മാര്‍പ്പാപ്പയുടെ വിമര്‍ശനങ്ങള്‍.
ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ദേശീയ അവകാശമാക്കി മാറ്റിയ 1973 ലെ വിധി പുനസ്ഥാപിക്കുമെന്ന് കമലാ ഹാരിസ് പ്രഖ്യാപിച്ചിരുന്നു. ഇത് മാര്‍പ്പാപ്പ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനത്തിന് കാരണമായി. രണ്ടുപേരും തിന്മ ചെയ്തവരാണെന്നും ഇതില്‍ ആരാണ് കുറഞ്ഞ തിന്മ ചെയ്തതെന്ന് എല്ലാ വോട്ടര്‍മാരും അവരവരുടെ മനസാക്ഷിയോട് ചോദിച്ച് തീരുമാനമെടുക്കണമെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.