KeralaTop News

കോഴിക്കോട് ഗർഭസ്ഥശിശുവും മാതാവും മരിച്ച സംഭവം; ചികിത്സാ പിഴവ് അന്വേഷിക്കണം; ആരോഗ്യ മന്ത്രിക്ക് പരാതി നൽകി കുടുംബം

Spread the love

കോഴിക്കോട് അത്തോളി മലബാർ മെഡിക്കൽ കോളജിൽ ഗർഭസ്ഥശിശുവും മാതാവും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ആരോ​ഗ്യ മന്ത്രി വീണാ ജോർജിന് പരാതി നൽകി. ചികിത്സാ പിഴവിനെ തുടർന്ന് യുവതിയും ഗർഭസ്ഥ ശിശുവും മരിച്ചെന്ന് ആരോപിച്ച് മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിച്ചിരുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം മെഡിക്കൽ ബോർഡ് ചേർന്ന് നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലിസ് ഉറപ്പ് നൽകിയതായി ഉണ്ണികുളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിജിൽ. നരഹത്യയ്ക്ക് കേസെടുത്തില്ലെങ്കിൽ പത്തൊൻപതാം തിയതി വീണ്ടും പ്രതിഷേധിക്കുമെന്ന് അറിയിച്ചു.

എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റ ഭാര്യ അശ്വതിയും ഗർഭസ്ഥ കുഞ്ഞും ആണ് മരിച്ചത്. ഉള്ളിയേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ വ്യാഴാഴ്ച പുലർച്ചെ ഗർഭസ്ഥ ശിശു മരിച്ചതായി ആശുപത്രി അറിയിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. കുഞ്ഞിന്റെയും അമ്മയുടെയും ജീവൻ നഷ്ടപ്പെടാൻ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥ എന്നാണ് ബന്ധുക്കളുടെ ആരോപണം. ഡോക്ടേഴ്സ്നെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് അശ്വതിയുടെ ഭർത്താവ് വിനോദ് പറഞ്ഞു.

ആശുപത്രിക്ക് എതിരെ മുൻപും പല ആരോപണങ്ങളും ഉയർന്നിരുന്നതായി നാട്ടുകാർ പറയുന്നു. മരിച്ച അശ്വതിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രതിഷേധിച്ചു. കുടുംബത്തിന്റെ പരാതിയിൽ അസ്വാഭാവിക മരണത്തിന് അത്തോളി പൊലീസ് കേസെടുത്തിരുന്നു. അതിനിടെ ആരോപണങ്ങളെല്ലാം ആശുപത്രി അധികൃതർ നിഷേധിച്ചു.