Top NewsWorld

ഇലോൺ മസ്കിന്റെ കമ്പനികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിച്ച് ബ്രസീൽ

Spread the love

റിയോ ഡി ജനീറോ: സ്റ്റാർ ലിങ്കിന്റെയും എക്സിന്റെയും ബാങ്ക് അക്കൌണ്ടുകൾക്ക് ചുമത്തിയിരുന്ന മരവിപ്പിക്കൽ പിൻവലിക്കാൻ ബ്രസീൽ. ഈ അക്കൌണ്ടുകളിൽ നിന്ന് 3.3 മില്യൺ ഡോളർ ദേശീയ ഖജനാവിലേക്ക് മാറ്റാനാണ് ബ്രസീലിലെ സുപ്രീം കോടതി ജസ്റ്റിസ് അലക്‌സാണ്ടർ ഡി മൊറേസ് ഉത്തരവിട്ടിരിക്കുന്നത്. വെള്ളിയാഴ്ചയാണ് കോടതി ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന പുറത്തിറക്കിയത്.

പിഴയിനത്തിൽ എക്സിന് ചുമത്തിയ തുക മുഴുവനായി ഈ അക്കൌണ്ടുകളിലേക്ക് എത്തിയതിന് പിന്നാലെയാണ് അക്കൌണ്ട് മരവിപ്പിക്കൽ നീക്കുന്നത്. ശതകോടീശ്വരൻ ഉടമ ഇലോൺ മസ്‌കും സുപ്രീം കോടതി ജസ്റ്റിസ് അലക്‌സാണ്ടർ ഡി മൊറേസും തമ്മിലുള്ള തർക്കത്തിനിടയിലാണ് കോടതി എക്സിന് വൻതുക പിഴയിട്ടത്. എക്സിന്റെ ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റാണ് ബ്രസീൽ. എക്സിന് ഇവിടെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ഏതാനു അക്കൌണ്ടുകൾ നീക്കം ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവിന് വഴങ്ങാതെ വന്നതോടെയാണ് രാജ്യത്ത് എക്സിന് വിലക്ക് പ്രഖ്യാപിച്ചത്.

ഏപ്രിലിൽ ചില അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള ഉത്തരവിനോട് അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിൻ്റെ അടിത്തറയെന്നും ബ്രസീലിലെ തിരഞ്ഞെടുക്കപ്പെടാത്ത ഒരു കപട ജഡ്ജി അതിനെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി നശിപ്പിക്കുകയാണ് എന്നാണ് ഇലോൺ മസ്ക് പ്രതികരിച്ചത്. ഇലോൺ മസ്കും യൂറോപ്യൻ യൂണിയനുമായി നടക്കുന്ന പോരിലെ ഏറ്റവും ഒടുവിലത്തേതാണ് ബ്രസീലിലേത്. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമറുമായി വാക് പോര് നടന്നിരുന്നു.