ഓണം സ്പെഷ്യൽ കുലുക്കി സർബത്ത് എന്ന പേരിൽ വ്യാജ മദ്യ വിൽപന; രണ്ട് പേർ അറസ്റ്റിൽ
ഓണം സ്പെഷ്യൽ കുലുക്കി സർബത്ത് എന്ന പേരിൽ വ്യാജ മദ്യ വിൽപന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. പൂക്കാട്ടുപടി സ്വദേശി സന്തോഷ് കൊല്ലംകുടി മുകൾ സ്വദേശി കിരൺകുമാർ എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. 20 ലിറ്റർ ചാരായം ഇവരുടെ വീട്ടിൽ നിന്നും പിടികൂടി. 950 ലിറ്റർ വാഷും എക്സൈസ് പിടിച്ചെടുത്തു.
കാക്കനാടിന് സമീപം തേവക്കലിൽ രണ്ടു നില വീട് വാടകയ്ക്ക് എടുത്തായിരുന്നു വ്യാജ മദ്യ വിൽപന നടത്തിയിരുന്നത്. എക്‌സൈസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചാരായ വില്‍പന നടത്തിയത്. സ്‌പെഷ്യല്‍ കുലുക്കി സര്‍ബത്ത് എന്ന പേരില്‍ കുപ്പിയിലാക്കിയാണ് പല സ്ഥലാത്തായി എത്തിച്ച് നല്‍കിയിരുന്നത്.
ഇന്നലെ രാത്രിയോടെയാണ് പരിശോധന നടത്തിയത്. മദ്യം നിർമ്മിക്കാൻ ഉപയോഗിച്ച വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി. വാട്സ്ആപ്പ് മുഖേനയാണ് പണം വാങ്ങിയ ശേഷം ആവശ്യക്കാർക്ക് വിവിധ സ്ഥലങ്ങളായി എത്തിച്ച് മദ്യ വിൽപന നടത്തിയിരുന്നത്.