മാമി തിരോധാന കേസ്; എഡിജിപി വഴി റിപ്പോർട്ടുകൾ അയക്കരുതെന്ന നിർദേശം ലംഘിച്ചു, ഡിജിപിക്ക് അതൃപ്‌തി
കോഴിക്കോട്ടെ വ്യവസായി മുഹമ്മദ് ആട്ടൂർ തിരോധാനകേസില്‍ ഗുരുതര വീഴ്ച വരുത്തി കോഴിക്കോട് കമ്മിഷണറും മുന്‍ മലപ്പുറം എസ്പിയും. കേസിന്റെ റിപ്പോര്‍ട്ടുകള്‍ എഡിജിപി എംആര്‍ അജിത്കുമാര്‍ വഴി അയക്കരുതെന്ന ഡിജിപിയുടെ നിര്‍ദേശം അവഗണിച്ചു.
മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എംആര്‍ അജിത്കുമാറിന് പങ്കുണ്ടെന്നായിരുന്നു പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയാണ് മാമി തിരോധാന കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടുകള്‍ ആരോപണ സ്ഥാനത്ത് നില്‍ക്കുന്ന എഡിജിപി വഴി പൊലീസ് ആസ്ഥാനത്തേക്ക് അയക്കരുതെന്ന് ഡിജിപി ഷെയ്ഖ് ദര്‍വേഴ്‌സ് സഹേബ് നിര്‍ദേശം നല്‍കിയത്. ഡിഐജി വഴി റിപ്പോര്‍ട്ടുകള്‍ അയക്കാനാണ് ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയത്. എന്നാല്‍ മുന്‍ മലപ്പുറം എസ്പി ശശിധരനും കോഴിക്കോട് കമ്മിഷണര്‍ ടി നാരായണനും ഡിജിപിയുടെ വിലക്ക് ലംഘിച്ച് എംആര്‍ അജിത്കുമാര്‍ വഴി തന്നെയാണ് ഫയലുകള്‍ അയച്ചത്. ഇത് ഒന്നിലേറെ തവണ ആവർത്തിക്കുകയും നടപടിയില്‍ ഡിജിപി കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം, കേസിന്റെ അന്വേഷണ പുരോഗതി ആരോണവിധേയനായ ഉദ്യോഗസ്ഥന്‍ വിലയിരുത്തുന്നതിലെ അസ്വഭാവികത ഒഴിവാക്കാനുള്ള ഡിജിപിയുടെ നീക്കമാണ് ഇതോടെ അട്ടിമറിക്കപ്പെട്ടത്. നിര്‍ദേശം അവഗണിച്ചത് സംബന്ധിച്ച് എസ്പിയോടും കോഴിക്കോട് കമ്മഷിണര്‍ ടി നാരായണനോടും വിശദീകരണം തേടാൻ ഡിജിപി ഷെയ്ഖ് ദര്‍വേഴ്‌സ് സാഹിബ് നിര്‍ദേശം നല്‍കി.