എം പോക്‌സ്: ലോകാരോഗ്യസംഘടനയുടെ പ്രീക്വാളിഫൈഡ് അംഗീകാരം നേടി ആദ്യ വാക്‌സിന്‍; നല്‍കുക 80 ശതമാനത്തോളം പ്രതിരോധം
എം പോക്‌സിനെ പ്രതിരോധിക്കാനുള്ള പ്രീക്വാളിഫൈഡ് വാക്‌സിനായി MVA-BN വാക്‌സിന്‍ തെരഞ്ഞെടുക്കപ്പെട്ടു. ബവേറിയന്‍ നോര്‍ഡികാണ് ഈ വാക്‌സിന്റെ നിര്‍മാതാക്കള്‍. ലോകാരോഗ്യസംഘടനയാണ് വാര്‍ത്ത അറിയിച്ചത്. ഇന്ത്യയില്‍ ഉള്‍പ്പെടെ ഏറെ ആശങ്ക പരത്തിക്കൊണ്ടിരിക്കുന്ന എം പോക്‌സിന് വാക്‌സിന്‍ സജ്ജമാകുന്നുവെന്നത് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ്.
നാലാഴ്ചകള്‍ക്കിടയില്‍ രണ്ട് ഡോസ് എന്ന നിരക്കിലാണ് ഈ വാക്‌സിനെടുക്കേണ്ടത്. 18 വയസിന് മുകളിലുള്ളവരിലാണ് ഇതുവരെ വാക്‌സിന്റെ ട്രയല്‍ നടന്നിരിക്കുന്നത്. 2-8 സെല്‍ഷ്യസ് താപനിലയില്‍ 8 ആഴ്ചകളോളം വാക്‌സിന്‍ സൂക്ഷിക്കാന്‍ സാധിക്കും.
വാക്‌സിന്റെ ഒറ്റ ഡോസ് മാത്രമെടുത്താല്‍ എം പോക്‌സിന്റെ രോഗലക്ഷണങ്ങളെ 76 ശതമാനവും 2 ഡോസുകളുമെടുത്താല്‍ രോഗത്തെ 80 ശതമാനത്തിലധികവും പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കയില്‍ രോഗം രൂക്ഷമായ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് അതിവേഗത്തില്‍ വാക്‌സിന്‍ മറ്റ് ഘട്ടങ്ങള്‍ കൂടി പൂര്‍ത്തിയാക്കി വിതരണം ചെയ്യാനാണ് ലോകാരോഗ്യ സംഘടന പദ്ധതിയിടുന്നത്.
സ്മാള്‍ പോക്‌സിന്റേയും എം പോക്‌സിന്റേയും ലക്ഷണങ്ങള്‍ക്കെതിരെ വാക്‌സിന് പൊരുതാന്‍ സാധിക്കുമെന്നാണ് ലോകാരോഗ്യസംഘടന അംഗീകരിച്ചിരിക്കുന്നത്. പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ഓഫ് ഇന്റര്‍നാഷണല്‍ കണ്‍സേണ്‍ ( പിഎച്ച്ഇഐസി) ആയി എം പോക്‌സിനെ ലോകാരോഗ്യ സംഘടന അംഗീകരിച്ച പശ്ചാത്തലത്തിലാണ് അതിവേഗത്തില്‍ രോഗത്തില്‍ വാക്‌സിന്‍ പുറത്തിറക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജിതമായി നടത്തുന്നത്. അടുത്തിടെ വിദേശത്തുനിന്നെത്തിയ ഒരു ഇന്ത്യക്കാരനും രോഗം സ്ഥിരീകരിച്ചിരുന്നു.