ബഹിരാകാശത്ത് നിന്ന് ഭൂമിയെ അഭിസംബോധന ചെയ്യാന്‍ സുനിത വില്യംസ്; വാര്‍ത്താസമ്മേളനം ഇന്ന് രാത്രി
സുനിതാ വില്യംസും വില്‍മോര്‍ ബുച്ചും ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തില്‍ നിന്ന് ഭൂമിയെ അഭിസംബോധന ചെയ്യും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് നാസ അറിയിച്ചു.
ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിന്റെ ന്യൂസ് റൂമില്‍ വെച്ചാണ് വാര്‍ത്താസമ്മേളനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നാസ, നാസ ആപ്പ്, നാസയുടെ വെബ്‌സൈറ്റ് എന്നിവയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇന്ത്യന്‍ സമയം 11.45നായിരിക്കും വാര്‍ത്താ സമ്മേളനം. സുനിത വില്യംസും ബുച്ച് വില്‍മോറും തങ്ങളുടെ അനുഭവങ്ങളും അവരുടെ ദൗത്യവുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കിടുമെന്നാണ് സൂചന. ഇരുവരും ബഹിരാകാശത്തേക്ക് സഞ്ചരിച്ച ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് വാര്‍ത്തസമ്മേളനം നടത്താന്‍ നാസയുടെ തീരുമാനം.
ഒരാഴ്ച മാത്രം നീണ്ട ദൗത്യത്തിനായി 2024 ജൂണ്‍ അഞ്ചിനാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര തിരിച്ചത്. അമേരിക്കന്‍ സ്വകാര്യ കമ്പനികളുമായുള്ള നാസയുടെ സഹകരണത്തിന്റെ ഭാഗമായുള്ള കൊമേഴ്‌സ്യല്‍ ക്രൂ പോഗ്രാമിന്റെ ഭാഗമായിരുന്നു ഈ ദൗത്യം. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ഹീലിയം ചോര്‍ച്ച, വാല്‍വ് പിഴവുകള്‍ അടക്കമുള്ള തകരാറുകള്‍ ഇരുവരുടെയും തിരിച്ചുവരവില്‍ വെല്ലുവിളിയാവുകയായിരുന്നു.